നാശം വിതച്ച് മിന്നൽ
text_fieldsകാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം അതിശക്തമായുണ്ടായ മിന്നലിൽ ജില്ലയിൽ വ്യാപക നാശം. അജാനൂർ വെള്ളിക്കോത്ത് വീണച്ചേരി പ്രദേശത്ത് കനത്ത നാശനഷ്ടമാണ് ഇടിമിന്നലുണ്ടാക്കിയത്. ഇരുപതിലേറെ വീടുകൾക്ക് കേടുപാട് സംഭവിച്ചു. ആറ് വീടുകൾ തകർന്നു. വീണ ചേരിയിലെ വി. നാരായണിയുടെ വീട് ഭാഗികമായി തകർന്നു. ആളപായം ഉണ്ടായില്ല. ഭാഗ്യംകൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് നാരായണി പറഞ്ഞു. ഗൃഹോപകരണങ്ങൾ, ടി.വി, മോട്ടോർ, ഫാൻ ഉൾപ്പെടെ കത്തി നശിച്ചു.
നാല് തെങ്ങുകളും ഇടിമിന്നലേറ്റ് നശിച്ചു. വി. ശൈലജയുടെ വീടിനും ഭാഗികമായി നാശനഷ്ടം ഉണ്ടായി. ഗൃഹോപകരണങ്ങൾ, ടി.വി, മോട്ടോർ, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ എന്നിവയും വയറിങ് പൂർണമായും കത്തിനശിച്ചു. മോഹനൻ, വീണച്ചേരി വടക്കേവീട് തറവാട്, ബി. മറിയം എന്നിവരുടെ വീടിനും നാശനഷ്ടം ഉണ്ടായി. ഫാത്തിമയുടെ വീട്ടിലെ വയറിങ്, മോട്ടോർ, ഫാൻ എന്നിവ നശിച്ചവയിൽ ഉൾപ്പെടുന്നു. അബ്ദുൽ ഗഫൂർ, കുട്ടിയമ്മ, അനീസ്, അൻസാരി, മുരളി, ബി. മൊയ്തു, പുഷ്പലത, ടി.ബി. നാരായണൻ, ടി. കൃഷ്ണൻ തുടങ്ങി നിരവധി ആളുകളുടെ വീടുകൾ, ഗൃഹോപകരണങ്ങൾ, വയറിങ്ങുകൾ, ഫലവൃക്ഷങ്ങൾ നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മണിക്കൂറോളം നീണ്ടുനിന്ന ഇടിമിന്നൽ നാടിനെ വിറപ്പിച്ചത്. ദിവസങ്ങളായി ജില്ലയുടെ പല ഭാഗത്തും ഇടിമിന്നൽ ശക്തമാണ്.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എ. ദാമോദരൻ, വാർഡ് മെംബർ ബാലകൃഷ്ണൻ വെള്ളിക്കോത്ത്, വില്ലേജ് ഓഫിസർ പ്രദീപ് കുമാർ, പൊതുപ്രവർത്തകരായ വി.വി. തുളസി, ഗോവിന്ദൻ പള്ളിക്കാപ്പിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. നാശ നഷ്ടങ്ങളുടെ വിവരം ശേഖരിച്ച് സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തുമെന്നും നാശ നഷ്ടത്തിന് ഇരയായവർക്ക് അർഹമായ പരിഗണന ലഭിക്കുമെന്നും ഇ. ചന്ദ്രശേഖരൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭയും വില്ലേജ് ഓഫിസർ എസ്.കെ. പ്രദീപ് കുമാറും പറഞ്ഞു.
കാസര്‍കോട്: പനയാലില്‍ മിന്നലില്‍ വ്യാപകനാശനഷ്ടം. വീടുകളും സ്കൂളും അടക്കം നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. പനയാല്‍ എസ്.എം.എ. എ.യു.പി സ്കൂളിലെ വയറിങ് കത്തിനശിച്ചു. ഇവിടെ കേരളോത്സവം പരിപാടിക്കായി എത്തിച്ച രണ്ട് ജനറേറ്ററുകള്‍ തകരാറിലായി. പ്രദേശത്തെ രണ്ട് വീടുകളിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.