ഡയാലിസിസ് സെന്ററിന് നാണയത്തുട്ടുകൾ നൽകി കൊച്ചുമിടുക്കൻ
text_fieldsമുഹമ്മദ് ഹാമിർ സ്വരൂപിച്ച നാണയത്തുട്ടുകൾ ചിത്താരി
ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ്
ഏറ്റുവാങ്ങുന്നു
കാഞ്ഞങ്ങാട്: ഒരുവർഷത്തോളമായി സമ്പാദ്യക്കുടുക്കയിൽ സ്വരൂപിച്ച നാണയത്തുട്ടുകൾ ചിത്താരി ഡയാലിസിസ് സെന്ററിന് നൽകി ആറു വയസ്സുകാരൻ മാതൃകയായി. മുക്കൂട് കാരയിൽ ബഷീറിന്റെയും ഹസീനയുടെയും മകൻ മുഹമ്മദ് ഹാമിറാണ് ഈ കൊച്ചുമിടുക്കൻ. വൃക്കരോഗികൾക്ക് ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന ചിത്താരി ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തെക്കുറിച്ച് മാതാപിതാക്കളിൽനിന്ന് കേട്ടറിഞ്ഞു.
ഡയാലിസിസ് സെന്ററിനുവേണ്ടി ഡയാലിസിസ് ചലഞ്ചിലൂടെ ജനങ്ങൾ കൈകോർക്കുന്നതും അറിഞ്ഞു. തുടർന്നാണ് നാണയത്തുട്ടുകൾ സ്വരൂപിച്ചുവെക്കാൻ തുടങ്ങിയത്. മാതാപിതാക്കൾ പ്രോത്സാഹനം നൽകി. മിഠായിപോലും വാങ്ങാതെ കിട്ടുന്ന പണമെല്ലാം സമ്പാദ്യപ്പെട്ടിയിൽ നിക്ഷേപിച്ചു. പണപ്പെട്ടി നിറഞ്ഞപ്പോൾ ഹാമിറിന്റെ ഉമ്മ ചിത്താരി ഡയാലിസിസ് സെന്ററിൽ വിളിച്ചറിയിച്ചു.
കുണിയ എമിൻ ഇന്റർനാഷനൽ അക്കാദമിയിലെ യു.കെ.ജി വിദ്യാർഥിയാണ് ഹാമിർ. സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്നയുടെ സാന്നിധ്യത്തിൽ ഡയാലിസിസ് സെന്റർ അഡ്മിനിസ്ട്രേറ്റർ ഷാഹിദ്, മുഹമ്മദ് ഹാമിറിൽനിന്ന് തുക ഏറ്റുവാങ്ങി. ഇഖ്ബാൽ കൂളിക്കാട്, ശിഹാബ് തായൽ എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.