ടാറിങ്ങിൽ ക്രമക്കേടെന്ന് നാട്ടുകാർ; ചാലിങ്കാൽ-വെള്ളിക്കോത്ത് റോഡ് പ്രവൃത്തി കണ്ണിൽപൊടിയിടലെന്ന് പരാതി
text_fieldsകാഞ്ഞങ്ങാട്: ദേശീയപാതക്ക് സമാന്തരമായുള്ള ചാലിങ്കാൽ-വെള്ളിക്കോത്ത് റോഡ് നിർമാണപ്രവൃത്തിയിൽ തുടക്കത്തിൽ തന്നെ വ്യാപകമായ ക്രമക്കേടെന്ന് പരാതി. മെക്കാഡം ടാറിങ് പ്രവൃത്തിക്ക് മന്ത്രി ഇ. ചന്ദ്രശേഖരെൻറ ഇടപെടലിലൂടെയാണ് നാല് കോടി രൂപയുടെ പദ്ധതി ലഭ്യമായത്. ദേശീയപാതയിൽ ചാലിങ്കാലിനും മാവുങ്കാലിനുമിടയിൽ ഗതാഗത തടസ്സം ഉണ്ടായാൽ വാഹനങ്ങളെ എളുപ്പത്തിൽ കാഞ്ഞങ്ങാട് നഗരത്തിലേക്ക് വഴി തിരിച്ചുവിടാൻ കഴിയുന്ന ബൈപാസായി മാറുന്ന റോഡ് നിർമാണത്തിലാണ് തുടക്കത്തിൽതന്നെ അഴിമതി ആരോപണം.
നിലവിലുള്ള ടാറിങ്ങിന് മുകളിൽ ഒരുവിധ നിബന്ധനയും പാലിക്കാതെ മെക്കാഡം ടാറിങ് നടത്താനുള്ള കരാറുകാരെൻറയും പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെയും നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണുയർന്നത്. നിലവിലുള്ള ടാറിങ് വെട്ടിപ്പൊളിച്ച് മെക്കാഡം ടാറിങ്ങിനാവശ്യമായ രീതിയിൽ നിലമൊരുക്കി പ്രവൃത്തി നടത്തിയാൽ മാത്രമേ റോഡ് ദീർഘകാലം നിലനിൽക്കുകയുള്ളൂവെന്ന് ഈ രംഗത്തെ വിദഗ്ധർ തന്നെ സമ്മതിക്കുേമ്പാഴാണ് നിലവിലുള്ള റോഡിൽതന്നെ മെക്കാഡം ടാറിങ് നടത്തി വ്യാപകമായ ക്രമക്കേടിന് കളമൊരുങ്ങുന്നത്.
ചാലിങ്കാൽ മുതൽ വേലാശ്വരം വരെയുള്ള 700 മീറ്റർ ഓവുചാലിെൻറയും രണ്ട് കലുങ്കുകളുടെയും നിർമാണം പൂർത്തിയാക്കിയ ശേഷം നിലവിൽ റോഡിന് വീതികൂട്ടൽ പ്രവൃത്തിയാണ് ആരംഭിച്ചിട്ടുള്ളത്.
യന്ത്രം ഉപയോഗിച്ച് ചെറിയ കനത്തിൽ മാത്രം മണ്ണ് നീക്കിയ ശേഷം ഇവിടെ മെറ്റൽ ഇറക്കിയിട്ടുണ്ട്. എന്നാൽ, വീതികൂട്ടുന്ന ഭാഗങ്ങളിൽ ഉപയോഗിക്കേണ്ട മിക്സഡ് മെറ്റൽ അല്ല ഉപയോഗിച്ചതെന്ന ആക്ഷേപവുമുണ്ട്.
ഇതുസംബന്ധിച്ച് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരോട് ആരാഞ്ഞപ്പോൾ, ഉപയോഗിച്ച സാധനങ്ങൾ ലാബ് പരിശോധനക്ക് വിധേയമാക്കുമെന്നായിരുന്നു മറുപടി. റോഡ് വെട്ടിപ്പൊളിക്കുന്നതിന് മുമ്പായി വീതികൂട്ടുന്ന പ്രവൃത്തിക്ക് തുടക്കമിട്ടതാണ് നാട്ടുകാർക്കിടയിൽ സംശയത്തിനിടയാക്കിയത്. ഇതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തി.
പ്രവൃത്തിക്ക് മേൽനോട്ടം വഹിക്കാൻ അജാനൂർ, പുല്ലൂർ പെരിയ പഞ്ചായത്തുകളിലെ രാഷ്ട്രീയ പാർട്ടി നേതാക്കളെയും പഞ്ചായത്ത് ഭരണാധികാരികളെയും ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെങ്കിലും റോഡ് നിർമാണത്തിൽ ആവശ്യമായ ശ്രദ്ധ പതിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പെരളം മുതൽ വെള്ളിക്കോത്ത് വീണച്ചേരി വരെയുള്ള ഭാഗം മഴക്കാലമായാൽ സ്ഥിരം െവള്ളംകെട്ടിനിൽക്കുന്ന ഭാഗമാണ്.
ഇവിടെയും റോഡ് വെട്ടിപ്പൊളിക്കാതെതന്നെ മെക്കാഡം ടാറിങ് നടത്തിയാൽ ഒരു വർഷത്തിനുള്ളിൽ റോഡ് തകരും. ഇൗഭാഗത്ത് 60 മീറ്റർ കോൺക്രീറ്റ് എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റ് ഭാഗങ്ങളിൽ എമേർഷൻ ചെയ്ത് മെക്കാഡം ടാറിങ് നടത്താനാണ് പറയുന്നത്.
ഇത് പൊതുമരാമത്ത് അധികൃതരും കരാറുകാരനും തമ്മിലുള്ള ധാരണയാണെന്ന ആക്ഷേപവുമുണ്ട്. അതേസമയം, നിലവിലുള്ള റോഡ് മുഴുവൻ വെട്ടിപ്പൊളിച്ച് മെക്കാഡം ടാറിങ്ങിനാവശ്യമായ രീതിയിൽ നിലമൊരുക്കിയാണ് മഡിയൻ -മൂലക്കണ്ടം റോഡ് നിർമാണം ആരംഭിച്ചിട്ടുള്ളത്.
4.70 കോടി രൂപയാണ് ഇതിെൻറ തുക. നാലുകോടി രൂപ അനുവദിച്ചിട്ടുള്ള വെള്ളിക്കോത്ത് ചാലിങ്കാൽ റോഡിലും സമാനരീതിയിൽ തന്നെ പ്രവൃത്തി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.