വഴിമുടക്കി മരത്തടികള്‍; ഒരാഴ്ച പിന്നിട്ടിട്ടും നീക്കംചെയ്തില്ല
text_fieldsകാഞ്ഞങ്ങാട്: സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി പാതയോരത്തെ മരംമുറിച്ച് തടികള്‍ റോഡില്‍ കൂട്ടിയിട്ടത് നാട്ടുകാർക്ക് ദുരിതമായി. പാണത്തൂർ അരിപ്രോഡ് ഇഞ്ചിക്കയം കോളനിയിലേക്കുള്ള റോഡിലാണ് മരത്തടികള്‍ കൂട്ടിയിട്ടത്. ഇതോടെ പത്തുദിവസമായി കോളനിയിലേക്കടക്കമുള്ള വഴി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതുമൂലം വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രോഗികളെ ആശുപത്രിയിലേക്ക് ചുമന്നു കൊണ്ടുപോകേണ്ട അവസ്ഥയാണ്.
യന്ത്രവാള്‍ ഉപയോഗിച്ച് മുറിച്ച മരം റോഡെന്നു നോക്കാതെ അവിടെത്തന്നെ കൂട്ടിയിട്ടതാണ് പ്രശ്നമായത്. വലിപ്പമുള്ള തടികളായതിനാല് ആളുകള്‍ക്ക് ഇവ തള്ളിനീക്കാൻ സാധിക്കാത്ത അവസ്ഥയാണ്. സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലെ മരങ്ങള്‍കൂടി മുറിച്ചതിനുശേഷം എല്ലാം ഒരുമിച്ച് ക്രെയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോകുമെന്നാണ് കരാറുകാരുടെ നിലപാട്. ഒരാഴ്ച കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. പ്രശ്നം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് കെ.ആര്.എഫ്ബിയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. രണ്ടുദിവസത്തിനകം മരത്തടികള്‍ നീക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വാര്‍ഡ് മെംബർ കെ.ജെ. ജയിംസിനെ അറിയിച്ചിരുന്നെങ്കിലും മരത്തടി നീക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.