ലോക്സഭ തെരഞ്ഞെടുപ്പ്; സ്പെഷൽ പൊലീസ് ഡ്യൂട്ടി ചെയ്തവർക്ക് വേതനം കിട്ടിയില്ല
text_fieldsകാഞ്ഞങ്ങാട്: ലോക്സഭ തെരഞ്ഞെടുപ്പിൽ സ്പെഷൽ പൊലീസ് ഡ്യൂട്ടി ചെയ്തവർ വേതനത്തിനായി കൈ നീട്ടുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോഴും ബൂത്തുകളിൽ ജോലി ചെയ്ത സ്പെഷൽ പൊലീസ് ഓഫിസർമാർക്ക് കൂലി ലഭിച്ചില്ല.
ആയിരത്തിലധികം വരുന്ന അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ യുവാക്കളാണ് ചെയ്ത സേവനത്തിന് പ്രതിഫലം കിട്ടാതെ കൈ നീട്ടേണ്ട അവസ്ഥയുള്ളത്. മുൻ വർഷങ്ങളിൽ ബൂത്തുകളിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ വേതനം ലഭിക്കാറാണ് പതിവ്. എൻ.എസ്.എസ് അംഗങ്ങൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവരാണ് സ്പെഷൽ പൊലീസ് ഓഫിസർമാരായി ഡ്യൂട്ടി ചെയ്തത്.
വിമുക്ത ഭടന്മാരും ജോലിക്ക് ഉണ്ടായിരുന്നു. രണ്ട് ദിവസം ജോലി ചെയ്തതിന് 2600 രൂപയാണ് ഇവർക്ക് അനുവദിച്ചത്. പൊലീസ് സ്റ്റേഷനുകൾ വഴിയാണ് തുക നൽകേണ്ടത്. തെരഞ്ഞെടുപ്പ് കമീഷൻ തുക അനുവദിക്കാത്തതിനെ തുടർന്നാണ് നൽകാൻ കഴിയാത്തതെന്നാണ് പൊലിസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.
പൊലിസിന് പത്തു കോടി രൂപയാണ് തെരഞ്ഞെടുപ്പ് ചെലവിനായി അനുവദിച്ചത്. ചെലവഴിച്ചതിന്റെ കണക്ക് നൽകിയാൽ മാത്രമേ ഈ തുക നൽകാൻ കഴിയൂ എന്നാണ് കമീഷണറുമായി ബന്ധപ്പെട്ടവർ പൊലിസിനെ അറിയിച്ചത്. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ ഓടിയ വാഹനങ്ങളുടെ ഇന്ധനച്ചെലവ്, വിഡിയോ ഗ്രാഫർമാരുടെ വേതനം, പൊലീസുകാരുടെയും സ്പെഷൽ പൊലീസുകാരുടെയും ഭക്ഷണത്തുക തുടങ്ങിയ ചെലവുകൾ നടത്തിയത് പൊലീസാണ്.
ഇതിന്റെ കണക്കുകൾ നൽകിയതായും ഇവർ പറയുന്നു. എന്നിട്ടും ജോലി ചെയ്ത തൊഴിൽ രഹിതരായ അഭ്യസ്തവിദ്യരുടെ വേതനം അനുവദിക്കാത്തത് വിമർശനത്തിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.