ശബരിമല തീർഥാടകർക്ക് ഭക്ഷണം കഴിക്കാൻ പള്ളിവളപ്പ് തുറന്നുനൽകി മഹല്ല് നിവാസികൾ
text_fieldsകാഞ്ഞങ്ങാട്: ശബരിമല തീർഥാടകർക്ക് ഭക്ഷണം കഴിക്കാൻ പള്ളിവളപ്പ് തുറന്നുനൽകി കാഞ്ഞങ്ങാട് തെക്കേപ്പുറം ജുമാമസ്ജിദ് മഹല്ല് നിവാസികൾ. വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ വിശ്വാസികളാണ് നാടിെൻറ സ്നേഹത്തിനും സാഹോദര്യത്തിനും പുതുമാതൃക സൃഷ്ടിച്ചത്.
പത്ത് കുട്ടികളുൾപ്പെടെ മുപ്പത് തീർഥാടകരെയാണ് സ്നേഹാദരവുകളോടെ തെക്കേപ്പുറം ജുമാമസ്ജിദ് ഭാരവാഹികൾ സ്വീകരിച്ചത്. ശബരിമല തീർഥാടനം പൂർത്തിയാക്കി, മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടയിലാണ് പുതുച്ചേരിയിൽ നിന്നുള്ള തീർഥാടകർ ഇടത്താവളം തേടി പള്ളി അങ്കണത്തിലെത്തിയത്.
ഭക്ഷണം കഴിക്കാനൊരിടം തിരക്കിയാണ് തീർഥാടകർ വണ്ടിയിറങ്ങിയതെന്ന് മനസ്സിലാക്കിയ മഹല്ല് ഭാരവാഹികൾ വണ്ടിയിൽനിന്ന് ഭക്ഷണത്തളികയും വെള്ളം നിറച്ച പാത്രങ്ങളുമൊക്കെ പൊക്കിയെടുത്ത് പള്ളിയുടെ മുറ്റത്തെത്തിച്ചു. തുടർന്ന് തീർഥാടകർക്ക് ഭക്ഷണം വിളമ്പി. പള്ളിക്കമ്മിറ്റി ജോ. സെക്രട്ടറി അബ്ദുൽ ശുക്കൂർ, കെ.പി. ഉമ്മർ, അസീസ് കൊളവയൽ, ആഷിർ എന്നിവർ ചേർന്നാണ് തീർഥാടകരെ സ്വീകരിച്ചത്. ഭക്ഷണം പാകം ചെയ്ത് കഴിക്കാനും വിശ്രമിക്കാനും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. ജുമാമസ്ജിദ് ഭാരവാഹികൾക്ക് കൈകൂപ്പി നന്ദി പറഞ്ഞാണ് തീർഥാടകർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.