കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാജ ആധാർ കാർഡ് നിർമാണം
text_fieldsകാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് വ്യാപകമായി വ്യാജ ആധാർ കാർഡുകൾ നിർമിച്ചതായി സംശയം. അതീവ ഗുരുതര മായ വിഷയമായിട്ടും കാര്യക്ഷമമായ അന്വേഷണമാരംഭിച്ചില്ല. വ്യാജ ആധാർ കാർഡ് നിർമിച്ച് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ദിവസങ്ങൾക്കിടെ ഹോസ്ദുർഗ് പൊലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു.
ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളവോട്ട് ചെയ്യാൻ തിരിച്ചറിയൽ രേഖയായി വ്യാജ ആധാർ കാർഡ് ഉപയോഗിച്ചുവെന്ന് വ്യക്തമായിട്ടുണ്ട്. ഉത്തരേന്ത്യൻ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയതെന്നും മലയാള ലിപി വേണ്ട സ്ഥാനത്ത് ഇത്തരം ആധാറിൽ ഹിന്ദി ഭാഷയാണ് ഉപയോഗിച്ചതെന്നുമാണ് റിപ്പോർട്ട്. സ്ഥലത്ത് ഇല്ലാത്തവരുടെ പേരിലടക്കം ഇത്തരത്തിൽ വ്യാജ ആധാർ ഉണ്ടാക്കിയതായാണ് സംശയം.
ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന തിരിച്ചറിയൽ കാർഡിൽ വ്യാജമുണ്ടെന്ന് മനസ്സിലാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സർക്കാർ നൽകുന്ന ഒരു തിരിച്ചറിയൽ രേഖ നിർബന്ധമാക്കിയതിനെ തുടർന്നാണ് വ്യാജ ആധാർ ഉണ്ടാക്കിയതെന്നാണ് പരാതി. ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. കള്ള വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടയിൽ ഒരാളെ പൊലീസ് ക്യൂവിൽ നിന്ന് തന്നെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും കേസെടുക്കാതെ പിന്നീട് വിട്ടയക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരടക്കം ആരും പരാതി നൽകിയില്ലെന്ന കാരണത്താലായിരുന്നു കള്ളവോട്ടിന് ശ്രമിച്ച യുവാവിനെ പൊലീസ് വിട്ടയച്ചത്. നഗരസഭ പരിധിക്ക് പുറത്തുള്ളവർ കള്ളവോട്ടു ചെയ്തവരിൽപെടുന്നണ്ടെന്നിരിക്കെ ഇവരിൽപെട്ട പലരും വ്യാജ ആധാർ കാർഡ് ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം.
പേരും വിലാസവും കൃത്യവും ഫോട്ടോ മറ്റൊരാളുടേത് വച്ചാണ് വ്യാജമായി ആധാർ ഉണ്ടാക്കിയതെന്ന് പറയുന്നു. ബാങ്ക് തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചറിയൽ രേഖയായി കൂടുതൽ പേർ വ്യാജ ആധാർ ഉപയോഗിച്ചെന്ന് സംശയമുയരുമ്പോൾ കാര്യക്ഷമ അന്വേഷണമില്ലെന്നാണ് പരാതി. സി.പി.എം ലോക്കൽ സെക്രട്ടറിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം ഒരു കേസെടുത്തത്. കാഞ്ഞങ്ങാട് താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ചതും വ്യാജ ആധാർ കാർഡ് ഉപയോഗിച്ചായിരുന്നു.
ബാങ്ക് തെരഞ്ഞെടുപ്പിൽ ഉൾപ്പടെ ആവശ്യത്തിന് വ്യാജ ആധാർ കാർഡ് ഉണ്ടാക്കി ഉപയോഗിച്ചതിന് പിന്നിൽ വൻ കണ്ണികൾക്ക് പങ്കുണ്ടെന്നതാണ് സംശയം.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വോട്ടർ ഐ.ഡി നിർമിച്ചതിന് സമാനമായ സംഭവമാണ് കാഞ്ഞങ്ങാട്ടും നടന്നതെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.