സൂചി കുത്താൻ ഇടമില്ലാതെ മാവേലി എക്സ്പ്രസ്
text_fieldsകാഞ്ഞങ്ങാട്: സൂചി കുത്താൻ ഇടമില്ലാത്ത വിധം തിരക്കിൽ വീർപ്പു മുട്ടി മാവേലി എക്സ്പ്രസ്. എല്ലാ ദിവസവും വൈകീട്ട് 5.30ന് മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലിയിലാണ് തിരക്കു മൂലം യാത്രക്കാർ കൊടിയ ദുരിതമനുഭവിക്കുന്നത്.
കാസർകോടിനും കോഴിക്കോടിനുമിടയിലുള്ള യാത്രയിലാണ് വലിയ തിരക്ക്. ആളുകൾ തൂങ്ങി പിടിച്ചാണ് യാത്ര ചെയ്യുന്നത്. ഈ സമയമത്രയും ഒന്ന് തിരിഞ്ഞ് നിൽക്കാൻ പോലും യാത്രക്കാർക്കാവില്ല. മിക്ക ദിവസങ്ങളിലേയും ഇതേ തിരക്കാണ് അനുഭവപ്പെടുന്നത്. ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് മൂർധന്യാവസ്ഥയിലെന്ന് യാത്രക്കാർ പറയുന്നു.
തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത് മാവേലിയെയാണ്. രാവിലെ ആറോടെ ട്രെയിൻ തിരുവനന്തപുരത്തെത്തുന്നതിനാൽ ഓഫിസുകളിലുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് പോകുന്നവരിൽ ഭൂരിഭാഗവും ആശ്രയിക്കുന്നത് മാവേലിയെയാണ്. വൈകീട്ട് ജോലികഴിഞ്ഞ് പോകുന്ന ഉദ്യോഗസ്ഥരടക്കമുള്ളവരും ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. റിസർവേഷൻ ലഭിക്കാൻ വലിയ ബുദ്ധിമുട്ടാണെന്ന് യാത്രക്കാർ പറഞ്ഞു. വൈകീട്ട് നിരവധി ട്രെയിനുകളുണ്ടെങ്കിലും ഇവയൊന്നും യാത്രാ പ്രശ്നത്തിന് പരിഹാരമാകുന്നില്ല.
ചെന്നൈ മെയിലിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ മംഗലാപുരം ഭാഗത്തേക്ക് പോകുന്ന പഴയ പാസഞ്ചർ ട്രെയിനിലും വലിയ തിരക്കാണ്. രാവിലെ സർക്കാർ ഓഫിസുകളിലേക്കടക്കം എത്തേണ്ട നൂറുകണക്കിന് ഉദ്യോഗസ്ഥർ ആശ്രയിക്കുന്നത് ഈ ട്രെയിനിനെയാണ്. യാത്രക്കാർ തൂങ്ങിപിടിച്ച് യാത്ര ചെയ്യുന്നത് പതിവ് കാഴ്ചയാണ്. വാതിൽപടികളിൽ തൂങ്ങിയുള്ള യാത്ര വലിയ അപകടസാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.