സഹപാഠിയുടെ അമ്മക്ക് ചികിത്സാസഹായം; രണ്ടു ദിനംകൊണ്ട് കുഞ്ഞുകൈകളില്‍ രണ്ടുലക്ഷം
text_fieldsകാഞ്ഞങ്ങാട്: ദീനക്കിടക്കയിലായ അമ്മയുടെ സങ്കടം സഹപാഠിയില്നിന്നറിഞ്ഞ കുഞ്ഞുങ്ങള്‍ ആ അമ്മയുടെ ചികിത്സക്ക് രണ്ടുദിവസം കൊണ്ട് പിരിച്ചെടുത്തത് രണ്ടുലക്ഷം രൂപ! ഹോസ്ദുര്‍ഗ് ലിറ്റില്‍ ഫ്ലവർ ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് സഹപാഠിയുടെ നിർധന കുടുംബത്തെ സഹായിക്കാന്‍ കരുണയുടെ കടലൊഴുക്കിയത്.
അര്‍ബുദം മൂലം ദുരിതത്തിലാണ് അമ്മ. അപ്രതീക്ഷിതമായാണ് അവരെ മാരകമായ രോഗം പിടികൂടിയത്. ചികിത്സക്ക് പണം ഏറെ വേണ്ടിവരുന്നു. വിദ്യാര്‍ഥിനിയുടെ സങ്കടകഥയറിഞ്ഞ സഹപാഠികളും സ്കൂള്‍ അധികൃതരും ചേര്‍ന്ന് സഹായനിധി സ്വരൂപിക്കാന്‍ തീരുമാനിച്ചു.
വിദ്യാര്‍ഥികളും അധ്യാപികമാരും രക്ഷാകര്‍തൃസമിതിയും കൂട്ടായതോടെ രണ്ടുദിവസം കൊണ്ട് പിരിച്ചെടുത്തത് രണ്ടുലക്ഷം രൂപ. തുക കുടുംബത്തെ ഏല്‍പ്പിക്കാന്‍ സ്കൂള്‍ ലീഡര്‍ ദിനക പി.ടി.എ പ്രസിഡന്റ് ബഷീര്‍ ആറങ്ങാടിക്ക് കൈമാറി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അനിത ജോസഫ്, മാനേജര്‍ സിസ്റ്റര്‍ വത്സമ്മ അലക്സ്, മുന്‍ പി.ടി.എ പ്രസിഡൻറ് എം. ഇബ്രാഹിം, വൈസ് പ്രസിഡന്റ് പി.വി. രാജേഷ്, നിര്‍വാഹകസമിതി അംഗം മൊഹാജിര്‍ പൂച്ചക്കാട്, സ്റ്റാഫ് സെക്രട്ടറി വിനീത, സുജാത ടീച്ചര്‍, രാജലക്ഷ്മി, സെലിന് എന്നിവര്‍ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.