മോദിയും സംഘ്പരിവാറും ചരിത്രത്തെ തമസ്കരിക്കുന്നു –ചെന്നിത്തല
text_fieldsകാഞ്ഞങ്ങാട്: നരേന്ദ്ര മോദിയും സംഘ്പരിവാറും ചരിത്രത്തെ തമസ്കരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. സ്വേച്ഛാധിപതികൾ എവിടെയൊക്കെ രാജ്യം ഭരിച്ചിട്ടുണ്ടോ ആ രാജ്യങ്ങളൊക്കെ തകർച്ചയെ അഭിമുഖീകരിച്ച ചരിത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മത രാഷ്ട്രമല്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് വർഗീയതക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ത്യ യുനൈറ്റഡ് കാമ്പയിന്‍റെ ഭാഗമായുള്ള ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസ്, ചരിത്രം വളച്ചൊടിച്ച് കേരള ഗാന്ധി കെ. കേളപ്പനുവേണ്ടി സ്മാരകം തവനൂരിൽ ഉണ്ടാക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ തങ്ങൾ ഒറ്റുകാരാണെന്ന കാര്യം സമൂഹത്തെ മറപ്പിക്കാനാണ് ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതിപക്ഷ സംഘടനകളുടെ നിശ്ശബ്ദതയിലാണ് സംഘ്പരിവാർ വളരുന്നതെന്നും ഗാന്ധിയൻ ആശയങ്ങളെ ഇല്ലാതാക്കാൻ സംഘ്പരിവാർ ശ്രമിക്കുന്നുവെന്നും എഴുത്തുകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. പ്രമുഖ ഗാന്ധിയൻ ഡോ. സുരേന്ദ്രനാഥിനെയും ആരോഗ്യ പ്രവർത്തകൻ ഗംഗനെയും രമേശ് ചെന്നിത്തല ആദരിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. സി.കെ. ശ്രീധരൻ, കെ.പി.സി.സി സെക്രട്ടറിമാരായ കെ. നീലകണ്ഠൻ. എം. അസിനാർ, ഡി.സി.സി വൈസ് പ്രസിഡൻറ് കെ.കെ. രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, മനാഫ് നുള്ളിപ്പാടി, കാർത്തികേയൻ പെരിയ, ഇസ്മായിൽ ചിത്താരി,സത്യനാഥൻ പത്രവളപ്പിൽ, രാജേഷ് തമ്പാൻ, സ്വരാജ് കാനത്തൂർ, മാർട്ടിൻ ജോർജ്, ഉനൈസ് ബേഡകം, ഷോണി കെ. തോമസ്, അനൂപ് കല്യോട്ട്, മാത്യു ബദിയടുക്ക, സന്തു ടോം ജോസ്, ഇർഷാദ് മഞ്ചേശ്വരം, സോണി പൊടിമറ്റം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.