കാലവർഷം ശക്തിപ്രാപികുന്നു; മലയോരത്ത് കുന്നിടിച്ചിലും മരം കടപുഴകി വീഴലും വ്യാപകം
text_fieldsകാഞ്ഞങ്ങാട്: മഴയിൽ മണ്ണിടിച്ചിലും ശക്തമായ കാറ്റും കാരണം മരങ്ങൾ കടപുഴകിയും വലിയ ശിഖരങ്ങൾ പൊട്ടിവീണും ഉള്ള അപകടം നിത്യസംഭവമായി. ഏത് സമയത്തും വീഴാൻ പാകത്തിൽ റോഡുവക്കുകളിൽ ഉള്ള മരങ്ങൾ യാത്രകാർക്ക് വലിയ ഭീഷണിയാണ്. ശനിയാഴ്ച രാവിലെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പെരുമ്പട്ട-കുന്നുംകൈ റോഡിൽ മുള്ളിക്കാട് റോഡിന് കുറുകെ വലിയ റബർ മരം വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. പെരിങ്ങോം അഗ്നിരക്ഷാസേനാസംഘം എത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മഴക്കാലം എത്തുന്നതിന് മുമ്പ് വഴിയോരങ്ങളിൽ അപകടകരമായ നിലയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമങ്ങൾ ആവശ്യമായിരുന്നെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.
നീലേശ്വരം: കോട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തെ അപകടവസ്ഥയിലുള്ള മരങ്ങൾ എത്രയുംവേഗം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർ കെ. ഇമ്പശേഖറിന് നിവേദനം നൽകി. വാർഡ് കൗൺസിലർ റഫീക്ക് കോട്ടപ്പുറമാണ് നിവേദനം നൽകിയത്.
അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരത്തിന്റെ വാർത്ത നേരത്തേ ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ ഇ. ഷജീർ, കെ. അബൂബക്കർ, ടി.വി. ഷീബ എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.