ദുരന്തം മാടിവിളിക്കുന്നു, അധികൃതരേ കണ്ണുതുറക്കൂ
text_fieldsകാഞ്ഞങ്ങാട്: മലയോര ഹൈവേയുടെ ഭാഗമായ കാറ്റാം കവലയിൽ കുത്തനെയുള്ള ഇറക്കത്തിൽ റോഡിന്റെ മൂന്നിൽ രണ്ടുഭാഗം ഇടിഞ്ഞിട്ട് വർഷമൊന്നായിട്ടും കണ്ണുതുറക്കാതെ അധികൃതർ. കാലവർഷം അടുത്തെത്തിയതോടെ ആശങ്കയിലാവുകയാണ് മലയോര ജനത. അടിയന്തര പ്രാധാന്യം നൽകി തകർന്ന റോഡ് നന്നാക്കിയില്ലെങ്കിൽ വലിയ അപകടം വിദൂരമല്ലെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. നിർമാണ ചുമതല ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ സൊസൈറ്റി പണി തുടങ്ങാത്തതിൽ പ്രതിഷേധിച്ച് മലയോര കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ കാഞ്ഞങ്ങാട് കിഫ്ബി എൻജിനീയറുടെ കാര്യാലയത്തിനുമുന്നിൽ സൂചന നിരാഹാര സമരം നടത്തി.
നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ആൾക്കാരും നിരന്തരം കടന്നുപോകുന്ന റോഡാണിത്. മഴക്കാലത്തിനുമുമ്പ് പണി പൂർത്തീകരിച്ചില്ലെങ്കിൽ വൻദുരന്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കർഷക രക്ഷാസമിതി ചൂണ്ടിക്കാട്ടി. മറ്റു ലിങ്ക് റോഡ് ഇല്ലാത്തത് കാരണം ആശുപത്രികളിലേക്കും സ്കൂളുകളിലേക്കും എത്തുന്നതിന് കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഇവിടത്തുകാർ. ശാശ്വത പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ സമരത്തിന് മലയോര കർഷക രക്ഷാസമിതി നേതൃത്വം നൽകുമെന്ന് സമിതി നേതാക്കൾ പറഞ്ഞു. നിരാഹാര സമരം ടോമി കുരുവിള ഉദ്ഘാടനം ചെയ്തു. ജോയി മാരടി, ജയിസൺ മറ്റപ്പള്ളി, ബേബി വെട്ടുകല്ലേൽ, സണ്ണി പുതനപ്ര, ജോസഫ് നെല്ലിവീട്ടിൽ, ഷിബു ആലത്തടി എന്നിവർ നിരാഹാരത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.