പൂച്ചക്കാട്ടെ ഗൾഫ് വ്യാപാരിയുടെ മരണത്തിൽ ദുരൂഹത; 600 പവൻ കാണാതായി
text_fieldsകാഞ്ഞങ്ങാട്: പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ ഗൾഫ് വ്യാപാരി എം.സി. ഗഫൂർ ഹാജി (53)യുടെ മരണത്തിൽ ദുരൂഹത. വീട്ടിലെ കുടുംബാംഗങ്ങളുടേത് ഉൾപ്പെടെ 600 പവനോളം സ്വർണം ദുരൂഹസാഹചര്യത്തിൽ നഷ്ടപ്പെട്ടു. മരണത്തിനുമുമ്പായാണ് ആഭരണം കാണാതായത്. മരണത്തിൽ സംശയമുണ്ടെന്ന പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചു. ബേക്കൽ പൊലീസ് കേസെടുത്തു. മൃതദേഹം പുറത്തെടുത്ത് വിദഗ്ധ പോസ്റ്റുമോർട്ടത്തിന് പൊലീസ് നടപടികളാരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തും.
ഷാർജയിൽ സൂപ്പർമാർക്കറ്റ് ശൃംഖലകളുള്ള എം.സി. ഗഫൂർ ഹാജിയെ ഇക്കഴിഞ്ഞ 16ന് പുലർച്ചെയാണ് പൂച്ചക്കാട് ഫാറൂഖ് പള്ളിക്ക് സമീപത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലേദിവസം ഉച്ചയോടെ ഭാര്യയും മക്കളും ഭാര്യയുടെ സ്വന്തം വീട്ടിലേക്ക് പോയിരുന്നതിനാൽ വീട്ടിൽ ഗഫൂർ ഹാജി തനിച്ചായിരുന്നു. വൈകീട്ട് നോമ്പുതുറക്ക് തൊട്ടടുത്ത സഹോദരന്റെ വീട്ടിൽനിന്ന് ഭക്ഷണ സാധനങ്ങൾ എത്തിച്ചിരുന്നു. എന്നാൽ പുലർച്ചെ അത്താഴ സമയത്ത് ആളനക്കം കാണാത്തതിനാൽ ബന്ധുക്കൾ അന്വേഷണം നടത്തിയപ്പോഴാണ് ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ, മരണത്തിൽ അസ്വഭാവികതയൊന്നുമില്ലാത്തതിനാൽ ഉച്ചയോടെ പൂച്ചക്കാട് ജുമാമസ്ജിദ് പരിസരത്ത് മറവുചെയ്യുകയും ചെയ്തു. ഷാർജയിലും ദുബൈയിലുമായി ഗഫൂറിനും സഹോദരങ്ങൾക്കും നാലോളം സൂപ്പർമാർക്കറ്റുകളുണ്ട്. സാമ്പത്തികമായി മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.
എന്നാൽ, ഗഫൂറിന്റെ അപ്രതീക്ഷിത മരണത്തിനുശേഷം ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽനിന്ന് 600 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസ്സിലായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു. മാങ്ങാട് ഭാഗത്തുള്ള ജിന്ന് സ്ത്രീയെ ചുറ്റിപ്പറ്റി പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇവർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ആഭരണം കാണാതായതിന് പിന്നിൽ ഈ സ്ത്രീക്ക് പങ്കുണ്ടെന്നതാണ് ബന്ധുക്കൾ സംശയിക്കുന്നത്. ആർ.ഡി.ഒയിൽ നിന്നുമുൾപ്പെടെ അനുമതി ലഭിച്ചശേഷം പോസ്റ്റുമോർട്ടം നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.