പ്രസവ വാർഡ് മാറ്റുന്നതിന് പച്ചക്കൊടി
text_fieldsകാഞ്ഞങ്ങാട്: ജില്ല ആശുപത്രിയിൽനിന്ന് പ്രസവ വാർഡ് അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റുന്നതിന് നഗരസഭയുടെ പച്ചക്കൊടി. എന്നാൽ, അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും സജ്ജമാക്കാതെ ജില്ല ആശുപത്രിയിൽനിന്ന് പ്രസവ വിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റരുതെന്ന് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്. എം.സി) യോഗത്തിൽ ഭൂരിഭാഗ അഭിപ്രായമുയർന്നു. പ്രസവവിഭാഗം അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് മാറ്റണമെന്ന സർക്കാർ നിർദേശത്തെത്തുടർന്ന് ചേർന്ന ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽ ഇതുസംബന്ധിച്ച് വിശദമായ ചർച്ച നടന്നു. അമ്മയും കുഞ്ഞും ആശുപത്രിയിലേക്ക് പ്രസവ വിഭാഗം മാറ്റുന്നതിനെ ആരും എതിർത്തില്ല.
അടിസ്ഥാനസൗകര്യങ്ങൾ പൂർണമായും ഒരുക്കാതെ മാറ്റാൻ അനുവദിക്കേണ്ടെന്നാണ് ഉയർന്ന പൊതുവികാരം. ഒട്ടേറെ ആധുനിക ഉപകരണങ്ങൾ സ്ഥാപിക്കുന്നതോടൊപ്പം ആവശ്യമായ 150ലേറെ ജീവനക്കാരെയും അനുവദിക്കണമെന്നാണ് എച്ച്.എം.സി യോഗത്തിൽ ഉയർന്ന ആവശ്യം. കൂടുതൽ കെട്ടിടങ്ങളും ആവശ്യമായിവരും. ഇപ്പോൾ ജില്ല ആശുപത്രിയിൽ 36 കിടക്കകളാണ് ഗൈനക്കോളജി വിഭാഗത്തിലുള്ളത്. ആശുപത്രി ഇങ്ങോട്ട് മാറ്റുമ്പോൾ കിടക്കകളുടെ എണ്ണവും വർധിപ്പിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യങ്ങളൊന്നും പൂർണമായി അംഗീകരിക്കാതെ ആശുപത്രിമാറ്റം വേണ്ടെന്ന് തീരുമാനമെടുത്തതായി നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. ജാഫർ പറഞ്ഞു.
ആശുപത്രി മാറ്റുമ്പോൾ പാർക്കിങ് സൗകര്യങ്ങളും കണ്ടെത്തണം. ദേശീയപാതയുടെ നവീകരണം എന്ന് തീരുമെന്നുറപ്പില്ലാത്ത സാഹചര്യത്തിൽ ആശുപത്രി മാറ്റുന്നത് സൗകര്യപ്രദമായിരിക്കുമെന്നാണ് യോഗം ചൂണ്ടിക്കാട്ടിയത്. ഇവിടെ ഗൈനക്കോളജി വിഭാഗം പൂർണമായി സജ്ജമാകുന്നതോടെ പുതിയകോട്ട ടൗണിനും ഉണർവുണ്ടാകുമെന്നാണ് യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടിയത്. ഇതുസംബന്ധിച്ച് പുതിയ തീരുമാനങ്ങളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.