ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ പുരസ്കാരം
text_fieldsകാഞ്ഞങ്ങാട്: ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര സർക്കാർ ദേശീയ പുരസ്കാരം. ആരോഗ്യ പരിപാലന രംഗത്ത് മികവ് പുലർത്തുന്ന സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഴ്സ് (എൻ.ക്യു.എ.എസ്) പുരസ്കാരമാണ് ബേളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് രാജ്യത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന പുരസ്കാരമാണിത്. ഓരോ വർഷവും രണ്ടുലക്ഷം രൂപ വീതം മൂന്നുവർഷം ഇനി കുടുംബാരോഗ്യ കേന്ദ്രത്തിന് പുരസ്കാര തുകയായി ലഭിക്കും.
ഒ.പി വിഭാഗം, ലബോറട്ടറി, ദേശീയ ആരോഗ്യ പരിപാടികൾ, ജനറൽ അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യം, അണുബാധ നിയന്ത്രണം, ശുചിത്വം, ഗുണമേന്മ, രോഗീ സൗഹൃദം, അവശ്യമരുന്നുകളുടെ ലഭ്യത, ജീവനക്കാരുടെ കാര്യക്ഷമത, മാലിന്യ നിർമാർജനം, രജിസ്റ്റർ സൂക്ഷിപ്പ്, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്. മുൻ വർഷത്തിൽ കേരളാ സർക്കാർ നൽകുന്ന കയകൽപ പുരസ്കാരത്തിനു ജില്ലയിലെ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.
രാജ്യത്തെ മികച്ച ആരോഗ്യ കേന്ദ്രങ്ങളിൽ ഒന്നായി ബെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തെ ഉയർത്താൻ ഉതകുന്ന മാതൃകാ പദ്ധതികൾ ആവിഷ്കരിച്ച പഞ്ചായത്ത് പ്രസിഡൻറ് എം ശ്രീധര, വൈസ് പ്രസിഡൻറ് കെ. ഗീത, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ജയകുമാര അടങ്ങുന്ന പഞ്ചായത്ത് ഭരണസമിതിയുടെയും, മെഡിക്കൽ ഓഫിസർ ഡോ. ജ്യോതിമോൾ, മുൻ മെഡിക്കൽ ഓഫീസർ ഡോ. ശ്രീഷ്മ, ഡോ. രവിപ്രസാദ്, മറ്റു ആശുപത്രി ജീവനക്കാരുടെയും, എച്ച്.എം.സി അംഗങ്ങളുടെയും, ആശാ പ്രവർത്തകർ, ജനങ്ങളുടെയും നേതൃത്വത്തിൽ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനർഹമാക്കിയത്.
ഒ.പി, ലബോറട്ടോറി, പാലിയേറ്റിവ്, ഫിസിയോതെറപ്പി, എൻഡോസൾഫാൻ ക്ലിനിക്ക്, ഡ്രെസ് ബാങ്ക്, പൊതുജന ആരോഗ്യ വിഭാഗം ക്ലിനുക്കുകളും സേവനങ്ങളും, പോഷക ആഹാരം നൽകുന്നതിനുള്ള കൃഷി വകുപ്പുമായി ചേർന്ന് നടത്തിവരുന്ന ജൈവ കൃഷി- പച്ചക്കറി വിതരണം, പാലിയേറ്റിവ് വിഭാഗത്തിനായുള്ള തൊഴിൽ പരിശീലനം തുടങ്ങിയ നൂതന പദ്ധതികളും ആശുപത്രിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.