ദേശീയപാത: അപകടങ്ങളിൽ പരക്കെ ആശങ്ക
text_fieldsകാഞ്ഞങ്ങാട്: ദേശീയപാത നിർമാണം പുരോഗമിക്കുന്ന ചെങ്കള മേഖലയിൽ അപകടങ്ങൾ പതിവാകുന്നതിൽ കടുത്ത ആശങ്ക. രണ്ട് അപകടങ്ങളാണ് ഈ മേഖലയിൽ അടിക്കടി ഉണ്ടായത്. പെരിയയിലെ അടിപ്പാതയിലുണ്ടായ അപകടത്തിന് പിന്നാലെയാണ് ബുധനാഴ്ച പുല്ലൂരിലെ നിർമാണത്തിലുള്ള പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണത്. ദേശീയപാത വികസനത്തിൽ വേഗതയോടൊപ്പം സുരക്ഷയും ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തുവന്നു.
ദേശീയപാതയുടെ ഭാഗമായി വളവുകൾ കുറക്കുന്നതിന് നിർമിക്കുന്ന പുല്ലൂരിലെ പാലത്തിന്റെ നിർമാണത്തിലുള്ള അഞ്ച് ഗർഡറുകളും സ്ലാബുകളുമാണ് തകർന്നത്. ഈസമയത്ത് സമീപ പ്രദേശത്ത് തൊഴിലാളികള്‍ ഇല്ലാതിരുന്നതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.
നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് പരാതി. ഗര്‍ഡര്‍ തകര്‍ന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ വേഗതക്കൊപ്പം സുരക്ഷക്കും കൃത്യതയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
2022 ഒക്ടോബർ 28ന് പുലർച്ചയാണ് പെരിയയിലെ അടിപ്പാത തകർന്നുവീണത്. നിർമാണം പുരോഗമിക്കുന്നതിനിടെ അടിപ്പാതയുടെ മേൽപാളി ഒന്നാകെ തകർന്നുവീഴുകയായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കാൻ സൂറത്ത്കൽ എൻ.ഐ.ടി വിദഗ്ധർ എത്തിയിരുന്നു. എൻ.ഐ.ടിയിൽനിന്നുള്ള പ്രത്യേകസംഘം വിശദ പരിശോധനക്കുശേഷം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറി.
എന്നാൽ, അടിപ്പാതയുടെ മേൽപാളി തകരാൻ ഇടയായ അപകടത്തിലേക്ക് നയിച്ചത് എന്താണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
നിർമാണത്തിലെ പാളിച്ചയാണോ കരാറുകാരുടെയോ ജോലിക്കാരുടെയോ വീഴ്ചയാണോ എന്നത് സംബന്ധിച്ചുള്ള നാട്ടുകാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഒരുത്തരം നൽകാൻ ഇനിയും അധികൃതർക്ക് സാധിച്ചിട്ടില്ല. അന്ന് നടന്ന അപകടത്തിൽ മൂന്ന് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. രണ്ട് അപകടങ്ങളും ഏതാനും കിലോമീറ്റർ അകലങ്ങളിലാണ് നടന്നത്.
സമഗ്രാന്വേഷണം വേണം -സി.പി.ഐ
കാസര്‍കോട്: പുല്ലൂരിൽ ഗർഡർ തകർന്നുവീണത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെമെന്ന് സി.പി.ഐ ജില്ല കൗൺസിൽ ആവശ്യപ്പെട്ടു. സംഭവസമയത്ത് തൊഴിലാളികൾ മറുഭാഗത്ത് ജോലിയിലേർപ്പെട്ടിരുന്നതിനാൽ ആളപായം ഒഴിവായി. നിർമാണത്തിലെ അപാകതയും ആവശ്യമായ മേൽനോട്ടത്തിന്റെ അഭാവവുമാണ് ഇത് കാണിക്കുന്നത്. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിക്കും കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിക്കും ഉത്തരവാദിത്തമുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സമഗ്രമായ അന്വേഷണം നടത്തി ഉചിതമായ പരിഹാരനടപടികളെടുത്ത് ദേശീയപാത നിർമാണം കുറ്റമറ്റരീതിയിൽ പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്തണമെന്നും സി.പി.ഐ ജില്ല കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ല അസി. സെക്രട്ടറി എം. അസിനാര്‍ അധ്യക്ഷത വഹിച്ചു.
സെൻട്രൽ വിജിലൻസ് കമീഷൻ അന്വേഷിക്കണം -ഡി.സി.സി
കാസർകോട്: നാഷനൽ ഹൈവേ വികസനത്തിന്റെ ഭാഗമായി ചെർക്കള മുതൽ നീലേശ്വരംവരെ കരാറെടുത്തിരിക്കുന്ന മേഘ കൺസ്ട്രക്ഷൻ കമ്പനി നിർമാണ പ്രവർത്തനങ്ങൾ വളരെ ലാഘവത്തോടെയും അശാസ്ത്രീയവുമായാണ് നടത്തിക്കൊണ്ടുപോകുന്നത്. പ്രവൃത്തി തുടങ്ങിയത് മുതൽ നിരവധി വാഹനാപകടങ്ങളും അഞ്ചോളം മരണങ്ങളും സംഭവിച്ചു.
നിർമാണത്തിലിരിക്കെതന്നെ നാഷനൽ ഹൈവേയുടെ പ്രവർത്തനങ്ങൾ ഇതുപോലെയാണെങ്കിൽ ഗതാഗതത്തിന് തുറന്നുകൊടുക്കുമ്പോഴേക്കും അപകടങ്ങൾ തുടർക്കഥയായി മാറും. അശാസ്ത്രീയമായ ഡ്രെയ്നേജ് നിർമാണംമൂലം ചെർക്കളയിലും മറ്റു സ്ഥലങ്ങളിലും വേനൽ മഴയിൽപോലും വെള്ളക്കെട്ടുകളും മണ്ണിടിച്ചിലും ഉണ്ടായി.
മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ഹൈവേ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അപാകതകളും അഴിമതികളും സെൻട്രൽ വിജിലൻസ് കമീഷൻ അന്വേഷണം നടത്തി ഉത്തരവാദിത്തമില്ലാത്ത കമ്പനിയെ കരാറിൽനിന്ന് മാറ്റി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു.
നിർമിതികളുടെ ഗുണനിലവാരം പരിശോധിക്കണം -എ.ഐ.വൈ.എഫ്
കാഞ്ഞങ്ങാട്: പാലം തകർന്ന സാഹചര്യത്തിൽ നടത്തുന്ന പ്രവൃത്തിയുടെ ഗുണനിലവാരം പരിശോധിക്കാൻ നാഷനൽ ഹൈവേ അതോറിറ്റി തയാറാകണമെന്ന് എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി പൂർത്തീകരിക്കാൻ ശ്രമിക്കുമ്പോൾ നിർമിതികൾക്ക് ഗുണനിലവാരം കുറയുകയാണെന്ന് വ്യാപക പരാതി ഉയരുന്നുണ്ട്. മതിയായ സുരക്ഷാക്രമീകരണങ്ങളില്ലാതെ നടത്തുന്ന നിർമാണജോലിയുടെ ഭാഗമായി വാഹനാപകടങ്ങളിൽപെട്ട് പെരിയാട്ടടുക്കം, പെരിയ, ചാലിങ്കാൽ എന്നിവിടങ്ങളിൽ നിരവധി പേരുടെ ജീവൻപൊലിയുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പ്രസ്തുത കാര്യങ്ങൾ സൂചിപ്പിച്ച് നാഷനൽ ഹൈവേ അതോറിറ്റിക്ക് എ.ഐ.വൈ.എഫ് ജില്ല കമ്മറ്റി പരാതി നൽകുകയും നിർമാണത്തിൽ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കമ്പനി വരുത്തുന്ന അലംഭാവത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ദേശീയപാതയുടെ സുരക്ഷയെ ബാധിക്കും -എൻ.സി.പി.എസ്
കാഞ്ഞങ്ങാട്: പുല്ലൂരിൽ ഗർഡർ തകർന്നുവീണ തിൽ അന്വേഷണം നടത്തണമെന്നും നിർമാണത്തിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും എൻ.സി.പി.എസ് ജില്ല പ്രസിഡന്റ് കരീം ചന്തേര, ജന. സെക്രട്ടറി ഉദിനൂർ സുകുമാരൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് രാഹുൽ നിലാങ്കര എന്നിവർ ആവശ്യപ്പെട്ടു. നിർമാണത്തിനിടെ വിവിധ ഭാഗങ്ങൾ ഇടക്കിടെ തകർന്നുവീഴുന്ന സംഭവം ആശങ്കയുണർത്തുന്നതാണ്.
നിർമാണത്തിലെ അപാകതയും ആവശ്യമായ മേൽനോട്ടത്തിന്റെ അഭാവവുമാണ് ഇത് കാണിക്കുന്നത്. ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റിക്കും കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിക്കും ഉത്തരവാദിത്തമുണ്ട്. ഇങ്ങനെ പോയാൽ ഇത് ദേശീയപാതയുടെ സുരക്ഷിതത്വത്തെതന്നെ ബാധിക്കുമെന്ന് ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും എൻ.സി.പി.എസ് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.