നാടിന്റെ ഉൾത്തുടിപ്പായി നാട്ടുപഞ്ചാത്തിക്ക
text_fieldsകാഞ്ഞങ്ങാട്: ഒരു ദേശത്തിന്റെ പഴയകാല ജീവിതത്തിലേക്ക് വെളിച്ചംവീശുന്നതായി പുല്ലൂർ ഗവ. യു.പി സ്കൂളിൽ നടന്ന നാട്ടുപഞ്ചാത്തിക്ക.
പുല്ലൂർ ഗവ. യു.പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന പുല്ലൂർ ദേശം ചരിത്രപുസ്തകത്തിന്റെ ഭാഗമായാണ് നാട്ടുപഞ്ചാത്തിക്ക ഒരുക്കിയത്. പൂർവവിദ്യാർഥികൾ പൊലിയന്ത്രം പാലയിൽ 100 മൺചിരാതുകൾ കൊളുത്തി പരിപാടിക്ക് തുടക്കംകുറിച്ചു.
പണ്ട് വയൽവരമ്പുകളിൽനിന്ന് ഉയർന്നുകേട്ടിരുന്ന നാട്ടിപ്പാട്ടിന്റെ ഈണം വേലാശ്വരത്തെ ശാരദ, പെരളത്തെ മാണിക്യം, മധുരമ്പാടിയിലെ നാരായണി എന്നിവർ പാടിക്കൊണ്ട് ഓർമകളുടെ വാതിൽ തുറന്നു.
പോയകാലത്തിന്റെ ഓർമകൾ പുതുതലമുറക്ക് പകർന്നുനൽകാൻ പുല്ലൂർ ഗ്രാമത്തിലെ 65 വയസ്സ് കഴിഞ്ഞ നൂറ്റിയമ്പതോളം പേരാണ് സ്കൂളിൽ എത്തിച്ചേർന്നത്. പഴയകാല ഗ്രാമീണജനതയുടെ ജീവിതരീതി, കൃഷി, തൊഴിൽ, പരിസ്ഥിതി സംരക്ഷണം, ഭക്ഷണരീതി, ആചാരവിശ്വാസങ്ങൾ, നാട്ടുസംഗീതം, നാടോടിക്കഥകൾ, നാട്ടുചികിത്സ, നാടൻചൊല്ലുകൾ എന്നിവയെക്കുറിച്ചെല്ലാം നാട്ടുപഞ്ചാത്തിക്കയിൽ മുതിർന്നവർ അറിവുകൾ പകർന്നു.
ഉത്സവങ്ങള്‍, കളികള്‍, പലതരം വിനോദങ്ങള്‍, കൈവേല, കരവിരുത്, നാടന്‍ വാസ്തുവിദ്യ, നാടന്‍ വസ്ത്രവിദ്യ, നാട്ടുവൈദ്യം, നാടന്‍പാചകം, നാടന്‍ശൈലികള്‍, നാടോടിനാടകം, നാട്ടുസംഗീതം, നാടന്‍ ചിത്രകല, നാടന്‍പാട്ടുകള്‍ തുടങ്ങിയെല്ലാം നാട്ടറിവിൽ ചർച്ചയായി. ചരിത്രകാരൻ ഡോ. സി. ബാലൻ മോഡറേറ്ററായി. ചിത്രകാരൻ രാജേന്ദ്രൻ പുല്ലൂർ അധ്യക്ഷത വഹിച്ചു. കവി ദിവാകരൻ വിഷ്ണുമംഗലം, പി. ജനാർദനൻ, എ.ടി. ശശി എന്നിവർ സംസാരിച്ചു.
ഭാരതി കാനത്തിൽ, ദാമോദരൻ ചാലിങ്കാൽ, ഗോപാലൻ കേളോത്ത് വീട്, ദാമോദരൻ ഒയക്കട, ബാലൻ എടമുണ്ട, നാരായണൻ, അച്യുതൻ നായർ, ഭാസ്കരൻ കുണ്ടൂച്ചിയിൽ, കരുണാകരൻ ഇടച്ചിയിൽ, ശാരദ വിഷ്ണുമംഗലം, ഉണ്ണി ബാനം, നാരായണി കരക്കക്കുണ്ട്, രഘുനാഥ് മധുരമ്പാടി, കുഞ്ഞികൃഷ്ണൻ കൊടവലം, ശ്യാമള പൊള്ളക്കട, പി. ശശിധരൻ നായർ തുടങ്ങി നൂറോളം പേർ അനുഭവങ്ങൾ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.