നവകേരള സദസ്സ്; മുന്നൊരുക്കം വിലയിരുത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
text_fieldsകാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 19ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായ മുന്നൊരുക്കം വിലയിരുത്താന്‍ തുറമുഖം, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എത്തി. കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
നവകേരള സദസ്സിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലും സംഘാടക സമിതികള്‍ ഇതിനകം രൂപവത്കരിച്ചു. നിയോജക മണ്ഡലംതലത്തില്‍ ആറ് സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. വാര്‍ഡുതല സംഘാടക സമിതികള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാക്കും. ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്കൂള്‍ മൈതാനമാണ് പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 5000 ത്തോളം പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കും.
വൈകീട്ട് മൂന്ന് മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. ഒരു മണിക്കൂര്‍ നീളുന്ന പരിപാടികളാണ് നടക്കുക. 4.30ന് മന്ത്രിമാരെത്തി ജനങ്ങളുമായി സംവദിക്കും.
മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍ക്കൊള്ളിച്ച് പ്രഭാത യോഗവും നടത്തും. പരാതികള്‍ കൗണ്ടറുകളിലാവും സ്വീകരിക്കുക. വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഒരുക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ആറ് സബ് കമ്മിറ്റികളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനം യോഗം വിലയിരുത്തി. പ്രചാരണത്തിന്റെ ഭാഗമായി സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പാട്ടും വണ്ടി, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പാട്ടും വരയും കൊട്ടും, വിവിധ വകുപ്പുകള്‍ക്കായി ക്വിസ് മത്സരം എന്നിവയും നടത്തും.
ജില്ലയിലെ വീടുകളിലേക്ക് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള കത്തുകള്‍ നല്‍കും. 70,000 കത്തുകളാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷൻസ് വകുപ്പ് മുഖേന നല്‍കുക. വളൻറിയര്‍മാരായി എന്‍.എസ്.എസ്, എസ്.പി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവരെ നിയമിക്കും. പരിപാടി നടക്കുന്ന സ്ഥലത്തിന്റെ രൂപ രേഖ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്കി. നവംബര്‍ 18ന് മഞ്ചേശ്വരത്ത് ആരംഭിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് ആണ് സമാപനം. നവകേരള നിര്‍മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഒരുക്കിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇ. ചന്ദ്രശേഖരന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ പി.കെ. ജയരാജ്, ജി.എസ്.ടി ജോ. കമീഷണര്‍ പി.സി. ജയരാജ്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ മധു കരിമ്പില്‍, മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്, വൈസ് പ്രസിഡൻറുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്മാര്, അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, കലാ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന് നന്ദിയും പറഞ്ഞു.
മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഉദ്യോഗസ്ഥരും പരിപാടിക്ക് വേദിയൊരുക്കുന്ന ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനം സന്ദര്‍ശിച്ചു. പോരായ്മകള്‍ പരിഹരിക്കാനും നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.