നീലകണ്ഠൻ കൊലക്കേസ് പ്രതി വീണ്ടും റിമാൻഡിൽ
text_fieldsകാഞ്ഞങ്ങാട്: ചാലിങ്കാൽ സുശീല ഗോപാലൻ നഗറിലെ നീലകണ്ഠനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗണേശനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.
സംഭവസ്ഥലത്ത് തെളിവെടുപ്പ് പൂർത്തിയാക്കിയാണ് പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പ്രകോപിതരായ ചിലർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്നാണ് പ്രശ്നങ്ങൾ ഒഴിവായത്. കർണാടകയിൽനിന്നാണ് അറസ്റ്റ് ചെയ്തിരുന്നത്.അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിനായി കൊണ്ടുപോയത്. കൊല നടന്ന രാത്രി ഗണേശനും നീലകണ്ഠനും വാക്കേറ്റമുണ്ടായിരുന്നു.
രണ്ടുപേരും ഒന്നിച്ചു മദ്യപിച്ചിരുന്നതായി ഗണേശൻ പൊലീസിനോട് പറഞ്ഞു. നീലകണ്ഠൻ ഉറങ്ങിയതോടെയാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞു. സംഭവത്തിനുശേഷം ഗണേശൻ പെരിയ ബസ് സ്റ്റോപ്പിലേക്ക് നടന്നുപോയി. നിരവധി വാഹനങ്ങൾക്ക് കൈകാട്ടിയെങ്കിലും നിർത്താതെ പോയതിനാൽ ആറര വരെ പെരിയയിൽ തന്നെ തങ്ങി. കൂടുതൽ തങ്ങുന്നത് പന്തികേടാണെന്ന് കരുതി ഒരു ഓട്ടോ വാടക വിളിച്ച് കാസർകോട്ടേക്ക് പോവുകയായിരുന്നു. മംഗളൂരുവിലേക്കും മൈസൂരുവിലേക്കും ബസിലാണ് പോയത്.
മൈസൂരുവിൽനിന്ന് ബാഗും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നു. പിന്നീട് മാറിമാറി പല ക്ഷേത്രങ്ങളിലും പോയി. കാലിന് നേരിയ വൈകല്യമുള്ളതിനാൽ യാചകനായും ഏറെ ദിവസം കഴിഞ്ഞു. ഊട്ടിയിൽനിന്ന് മടങ്ങി ബംഗളൂരുവിലെ മകളുടെ വീട്ടിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.