ഉടമയില്ല, തൊഴിലാളിയുമില്ല കടയിൽനിന്ന് സാധനങ്ങളെടുക്കാം; പൈസ പെട്ടിയിലിടാം
text_fieldsകാഞ്ഞങ്ങാട്: ആയിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന ഹോസ്ദുർഗ് ഗവ. ഹയർ സെക്കൻഡറി സ്കൂളിനകത്ത് കുട്ടികളുടെ കച്ചവടം പൊടിപൊടിക്കുകയാണ്. സ്കൂളിലെ അസംബ്ലി ഹാളിലാണ് കട ഒരുക്കിയത്. പെൻസിൽ, പേന, പുസ്തകം, കളർ പേന, റബർ ഉൾപ്പെടെ സാധനങ്ങൾ കടയിലുണ്ട്.
ഉടമയും തൊഴിലാളിയുമില്ലാത്തതിനാൽ പണം ഇവിടെയുള്ള പെട്ടിയിലിട്ട ശേഷം സാധനങ്ങളെടുക്കാം. ബാക്കി തുക പെട്ടിയിൽനിന്നെടുക്കാം. തുടക്കമെന്ന നിലയിൽ 2000 രൂപയുടെ സാധനങ്ങളാണ് കടയിൽ വെച്ചത്. 406 രൂപയുടെ സാധനങ്ങൾ വിറ്റുപോയി.
ചില സാധനങ്ങൾക്ക് കടയിലുള്ളതിനേക്കാൾ വിലക്കുറവ് സ്കൂളിലെ കടയിലാണെന്ന് കുട്ടികൾ. സ്റ്റുഡൻറ് പൊലീസിന്റേതാണ് ഹോണസ്‌റ്റി ഷോപ് ആശയം. ഇവിടെ 88 വിദ്യാർഥികൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റിലുണ്ട്. ഇവരുടെ ഫണ്ടിൽനിന്ന് പണം കണ്ടെത്തിയാണ് കടയിലേക്കുള്ള സാധനം വാങ്ങിയത്. കുട്ടികളുടെ സത്യസന്ധത പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്.
കുട്ടികൾ ഇടക്കിടെ കടയിലേക്ക് പോകുന്നത് ഒഴിവാക്കാൻ കൂടി സ്കൂൾ കടകൊണ്ട് സാധിച്ചതായി നേതൃത്വം നൽകുന്ന അധ്യാപികമാർ പറഞ്ഞു. ഹോസ്ദുർഗ് എസ്.ഐ കെ.പി. സതീഷ്, കട ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ പി. ഗംഗാധരൻ, പി.ടി.എ പ്രസിഡൻറ് സന്തോഷ് കുശാൽ നഗർ, പ്രിൻസിപ്പൽ ഡോ. എ.വി. സുരേഷ് ബാബു, ജനമൈത്രി പൊലീസ് ഓഫിസർ പ്രമോദ്, സീനിയർ അസിസ്റ്റൻറ് ഒ. രാജേഷ്, സ്റ്റാഫ് സെക്രട്ടറി കെ. ബാബുരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.