ആർക്കും വേണ്ടാതെ 108 കടമുറികള്‍! ആളുകേറാതെ അലാമിപ്പള്ളി ബസ് സ്റ്റാൻഡ്
text_fieldsകാഞ്ഞങ്ങാട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉദ്ഘാടനം ചെയ്ത അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സില്‍ ഒഴിഞ്ഞു കിടക്കുന്നത് 108 കടമുറികള്‍. ഭീമമായ മുറി ഡെപ്പോസിറ്റ് കുറച്ചുകൊണ്ടുള്ള നിയമഭേദഗതിക്ക് കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷത്തിന് അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞെങ്കിലും ഭേദഗതി സര്ക്കാറിലേക്കയച്ച് എപ്പോള്‍ പ്രാബല്യത്തിലാകുമെന്നത് സംബന്ധിച്ച് ഒരു രൂപവുമില്ല. കോടിക്കണക്കിന് രൂപ ഭീമമായ പലിശക്ക് വായ്പയെടുത്താണ് നഗരസഭ ഷോപ്പിങ് കോംപ്ലക്സിെൻറ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
നീണ്ടുപോയ ഉദ്ഘാടനത്തിന് ശേഷവും കെട്ടിട മുറി വാടകക്കെടുക്കാന്‍ വ്യാപാരികളടക്കം ആരുമെത്തിയില്ല. ഒരു കടമുറിക്ക് 15 ലക്ഷം ഡെപ്പോസിറ്റും 15,000 രൂപ മാസവാടകയും നിശ്ചയിച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. സ്വകാര്യ വ്യക്തികള്‍ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പണി തീരുംമുമ്പേ വാടകക്കെടുക്കാന്‍ ആളുകള്‍ വരിനില്‍ക്കുന്ന കാഞ്ഞങ്ങാട് നഗരത്തിലാണ് നഗരസഭയുടെ 108 കടമുറികള്‍ ആര്‍ക്കും വേണ്ടാതെ പൂട്ടിക്കിടക്കുന്ന സ്ഥിതിയിൽ കിടക്കുന്നത്.
മൂന്നുതവണ ലേലം നടത്തിയിട്ടും സി.പി.എം നിയന്ത്രണത്തിലുള്ള ഒരു സഹകരണ സ്ഥാപനം മാത്രമാണ് രണ്ടു കടമുറികള്‍ ലേലത്തിൽ എടുത്തത്. സഹകരണ സ്ഥാപനങ്ങൾക്ക് ഡെപ്പോസിറ്റ് തുകയിൽ ഇളവുമുണ്ട്.
പ്രതിപക്ഷത്തിെൻറ ആവശ്യംകൂടി പരിഗണിച്ച് ഡെപ്പോസിറ്റ് തുക കുറക്കാനുള്ള നിയമഭേദഗതി നേരത്തെ കൗണ്‍സില്‍ യോഗത്തില്‍ വോട്ടിനിട്ട് അംഗീകാരം നേടാനായി. ഡെപ്പോസിറ്റ് തുക ഏഴുലക്ഷമായി കുറക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ഭരണസമിതി സംസ്ഥാന സർക്കാറിന് കത്ത് നൽകിയിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും മറുപടി വന്നിട്ടില്ല. നിലവിലുള്ള ബൈലോയിൽ മാറ്റം വരുത്തി നഗരസഭക്ക് സ്വന്തമായി വാടക നിശ്ചയിക്കാനുള്ള അധികാരമുണ്ടാവണമെങ്കിൽ ഇതിന് സർക്കാർ അനുമതി വേണം. നിലവിൽ കാഞ്ഞങ്ങാട്ടേക്ക് വരുന്ന ജനങ്ങൾക്ക് അലാമിപ്പള്ളിയിലേക്കുവരേണ്ട ആവശ്യമില്ല.
കണ്ണൂർ ഭാഗത്തേക്കുപോകുന്ന ബസുകൾ മാത്രമാണ് ഇവിടെ പേരിന് കയറിയിറങ്ങിപ്പോകുന്നത്. അതിനാൽ തന്നെ ഭീമമായ തുക നൽകി കടമുറി വാടകക്കെടുത്താൽ തങ്ങൾക്ക് മുതലാകില്ലെന്ന് വ്യാപാരികൾ പറയുന്നു. സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ ഇവിടേക്ക് വന്നാൽ മാത്രമേ ഈ സ്ഥിതിക്ക് മാറ്റമുണ്ടാവുകയുള്ളു. ഇതിനും ബൈലോയിൽ മാറ്റം വരുത്തണം. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിെൻറ നടപടി ഒച്ചിഴയുന്ന വേഗത്തിലാണ്. മൂന്നു നില കെട്ടിടത്തിലെ കെട്ടിട മുറിയുടെ ഷട്ടറുകളില്‍ മിക്കതും തുരുമ്പെടുത്തുകഴിഞ്ഞു.
ബസ് സ്റ്റാൻഡ് യാര്‍ഡിന് തെക്കും പടിഞ്ഞാറുമായാണ് മൂന്നുനില കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നത്. തെക്കുഭാഗത്തെ കെട്ടിടത്തില്‍ താഴത്തെ നിലയില്‍തന്നെ 40 ഷട്ടര്‍ ഘടിപ്പിച്ച കടമുറികളുണ്ട്. പടിഞ്ഞാറുഭാഗത്ത് താഴത്തെ നിലയില്‍ 17 കടമുറികളാണുള്ളത്. ഒന്നും രണ്ടും നിലകളില്‍ വിശാലമായ ഓഫിസ് സൗകര്യമുള്ള മുറികളും. ഹഡ്കോയില്‍നിന്ന് അഞ്ചുകോടി വായ്പയെടുത്ത വകയില്‍ ഭീമമായ പലിശ മാസം തോറും നഗരസഭ അടച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.