പ്ലസ് വണ്‍ സീറ്റുകള്‍ 17,910, യോഗ്യത നേടിയത് 19,466 കുട്ടികള്‍; 1556 കുട്ടികള്‍ എവിടെ പഠിക്കും?
text_fieldsകാഞ്ഞങ്ങാട്: പത്താംക്ലാസ് പരീക്ഷയെഴുതി ജില്ലയില്‍ തുടര്‍പഠനത്തിന് അര്‍ഹത നേടിയത് 19,466 കുട്ടികള്‍. എന്നാൽ ജില്ലയിലുള്ള പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 14,250 മാത്രവും. സീറ്റുകളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം അംഗീകരിച്ച 30 ശതമാനം വര്‍ധന നിലവില്‍ വന്നാലും ആകെ സീറ്റുകളുടെ എണ്ണം 17,910 വരെ മാത്രം. 1556 കുട്ടികള്‍ക്ക് പ്ലസ് വണ്ണിന് ചേരാനാകാതെ മറ്റു വഴികള്‍ നോക്കേണ്ടിവരുമെന്നതാണ് അവസ്ഥ.
സംസ്ഥാന സിലബസുകാരുടെ മാത്രം കണക്കാണിത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളില്‍ പത്താംക്ലാസ് കഴിഞ്ഞ കുട്ടികളും സംസ്ഥാന സിലബസില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ പുറത്തുനിൽക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വീണ്ടും വർധനവുണ്ടാകും.
സംസ്ഥാന സിലബസില്‍ പാസായവരില്‍ ചുരുങ്ങിയത് 3,000 കുട്ടികള്‍ക്കെങ്കിലും ജില്ലയില്‍ പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ലെന്നതാണ് നിലവിലെ അവസ്ഥ. ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ പ്രവേശനം ലഭിക്കുന്ന കാര്യം വിദ്യാർഥികൾക്ക് പ്രയാസകരമായി മാറാനും സാധ്യതയുണ്ട്. ജില്ലയില്‍ 2,667 വിദ്യാര്‍ഥികളാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത്.
ഇവര്‍ക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിഷയങ്ങളും സ്കൂളുകളും ലഭിക്കാന്‍ പ്രയാസമാണ്. അതിനും സി.ബി.എസ്.ഇക്കാരോട് ഉള്‍പ്പെടെ മത്സരിക്കേണ്ടിവരും. ചെറിയൊരു ഗ്രേസ് മാര്‍ക്കുപോലും നിര്‍ണായകമാകുന്നത് അപ്പോഴാണ്. ഇതെല്ലാം കഴിയുമ്പോള്‍ എ. പ്ലസിന്റെയും എയുടെയും എണ്ണം കുറഞ്ഞവര്‍ കിട്ടിയ സീറ്റിലും സ്കൂളിലും തൃപ്തിപ്പെടേണ്ടിവരും.
മറ്റു പല ജില്ലകളിലും ആവശ്യത്തില്‍ കൂടുതലായി അനുവദിച്ച പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ഷാവര്‍ഷം ഒഴിഞ്ഞുകിടക്കുമ്പോഴാണ് ജില്ലയിൽ ഒരു സീറ്റുറപ്പിക്കാന്‍ ഇങ്ങനെ പാടുപെടേണ്ടി വരുന്നത്. ജില്ലയില്‍ കൂടുതല്‍ പ്ലസ് വണ്‍ ബാച്ചുകളും സീറ്റുകളും അനുവദിക്കണമെന്ന ആവശ്യം ഓരോ വര്‍ഷവും ഉയരുമ്പോഴും പരിഹാരമുണ്ടാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.