സാധനങ്ങള്‍ സ്റ്റോക്കില്ല, മാവേലി സ്റ്റോറുകളില്‍ ഓണത്തിനുമുമ്പേ കഷ്ടകാലം
text_fieldsകാഞ്ഞങ്ങാട്: വിപണിയിൽ വിലക്കയറ്റം അതിരൂക്ഷമായിരിക്കെ പൊതുജനം ആശ്വാസം തേടിയെത്തുന്ന മാവേലി സ്റ്റോറിനും കഷ്ടകാലം. സബ്സിഡി സാധനങ്ങൾ ഏറെക്കുറെ സ്റ്റോക്കില്ലാതായതോടെ മാവേലി സ്റ്റോറുകൾ സ്വകാര്യ സൂപ്പർ മാർക്കറ്റ്പോ ലെയായി. ഓണക്കാലമിങ്ങെത്തുമ്പോള് പൊതുവിപണിയിലെ പൊള്ളുന്ന വിലയില്‍ നിന്ന് അൽപമെങ്കിലും രക്ഷതേടാമെന്നതും ആശിക്കൽ മാത്രമായി.
കുറച്ചുനേരം ക്യൂ നിൽക്കേണ്ടിവന്നാലും അരിയും പഞ്ചസാരയും അത്യാവശ്യം പലവ്യഞ്ജനങ്ങളുമെങ്കിലും സബ്സിഡി നിരക്കില്‍ കിട്ടുമല്ലോ എന്ന ആശ്വാസമാണ് എല്ലാവരെയും മാവേലി സ്റ്റോറിലെത്തിക്കുന്നത്. വിരലിലെണ്ണാവുന്ന സബ്സിഡി സാധനങ്ങളില്‍ മിക്കതും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്.
ഉള്ളവക്ക് ബില്ല് നൽകുന്നതിനായി നടപ്പാക്കിയ പുതിയ സോഫ്റ്റ് വെയര്‍ സംവിധാനമാകട്ടെ ഇടക്കിടെ തകരാറിലാകുന്നു. സാധനങ്ങൾ തിരഞ്ഞെടുത്ത് ബില്ലടിക്കുന്ന സമയത്തുള്ള തടസം ജീവനക്കാരെയും ഉപഭോക്താക്കളെയും ഒരു പോലെ വലക്കുന്നു. ഓരോ വിൽപനശാലയിലെയും സ്റ്റോക്ക്, ഓരോ ദിവസത്തെയും വിൽപന, വരുമാനം തുടങ്ങിയ വിവരങ്ങള്‍ മേഖല ഓഫീസുകളും ഡിപ്പോകളുമായി ബന്ധിപ്പിച്ച് കേന്ദ്രീകൃത സംവിധാനം കൊണ്ടുവരുന്നതിനായാണ് എൻറര്‍പ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇ.ആര്.പി) എന്ന പുതിയ സോഫ്റ്റ് വെയര്‍ സംവിധാനം കൊണ്ടുവന്നത്. എല്ലാ ചില്ലറ വിൽപനകേന്ദ്രങ്ങളിലെയും നിലവിലുള്ള സ്റ്റോക്കും വിൽപനയുടെ കണക്കുമുള്പ്പെടെ മേഖല ഓഫീസുകളില്‍ തല്‍സമയം അറിയുന്നതിനുള്ള സംവിധാനമൊരുക്കുകയായിരുന്നു ലക്ഷ്യം.
എന്നാല്‍ എല്ലായിടങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വിവരങ്ങളുടെ ആധിക്യം മൂലം സപ്ലൈകോയുടെ സെര്‍വര്‍ മിക്കപ്പോഴും പണിമുടക്കുന്നതാണ് ജീവനക്കാരെയും ഉപഭോക്താക്കളെയും വലക്കുന്നത്. റേഷന്‍കടകളില്‍ ഇടക്കിടെ ഉണ്ടാകുന്നതുപോലെ സെര്‍വര്‍ ഡൗണായി ബില്ലുകള്‍ അടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് മാവേലി സ്റ്റോറുകളിലും ഉണ്ടാകുന്നത്. റേഷന്‍കടകളില്‍ നിന്നും വ്യത്യസ്തമായി ബില്ലിലെ സാധനങ്ങളുടെ എണ്ണവും കൂടുതലായതിനാല്‍ ഓരോ ബില്ലും സെര്‍വറില്‍ രേഖപ്പെടുത്തി പ്രിൻറ് ചെയ്തു കിട്ടാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ജീവനക്കാരും ഉപഭോക്താക്കളും ഈ സമയമത്രയും വട്ടംകറങ്ങുന്ന കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കി നിസ്സഹായരായി നിൽക്കേണ്ട അവസ്ഥയാണ്.
കഴിഞ്ഞ 31നു മാസാവസാന ദിവസമായതിനാല്‍ കൂടുതല്‍ തിരക്കുണ്ടായപ്പോള്‍ ബില്ലടിക്കുന്നതിലെ കാലതാമസം മൂലം ജില്ലയിലെ മിക്ക സപ്ലൈകോ വിൽപനകേന്ദ്രങ്ങളും രാത്രി വൈകുംവരെ തുറന്നിരിക്കേണ്ടി വന്നിരുന്നു. ഓണക്കാലത്ത് തിരക്കേറുമ്പോള്‍ സ്ഥിതി ഇതിലും ഗുരുതരമാകുമെന്നത് മുന്‍കൂട്ടി കണ്ട് തിരക്ക് കൂടുതലുള്ള വിൽപനകേന്ദ്രങ്ങളില് ബില്ലിങ്ങിന് സഹായിക്കുന്നതിനായി താൽക്കാലിക ജീവനക്കാരെ നിയമിക്കാന്‍ അനുമതിയായിട്ടുണ്ട്.
ഓണക്കാലം പടിവാതിൽക്കലെത്തിയെങ്കിലും അരിയുള്‍പ്പെടെ പല അവശ്യസാധനങ്ങളും മിക്കയിടങ്ങളിലും മാവേലി സ്റ്റോറുകളില്‍ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. പച്ചരിയുടെ പുതിയ സ്റ്റോക്ക് എത്തിയിട്ട് ഒരു മാസമായി. കുറുവ അരിയുടെ കാര്യവും അങ്ങനെ തന്നെ. ജയ അരി, മട്ട അരി എന്നിവയില്‍ ഏതെങ്കിലും ഒന്നേ ഉണ്ടാകുന്നുള്ളൂ. പഞ്ചസാര, കടല, മുളക്, വന്‍പയര്‍, പരിപ്പ് എന്നിവക്കും കടുത്ത ക്ഷാമമാണ്. ഓണക്കാലം തുടങ്ങുമ്പോഴേക്കും സര്‍ക്കാരിന്റെ കാര്യമായ സഹായമെന്തെങ്കിലും ലഭിച്ചില്ലെങ്കില്‍ അപ്പോഴും ഉപഭോക്താക്കള്‍ക്കു മുന്നില്‍ ജീവനക്കാർക്ക് കൈമലര്‍ത്തേണ്ട അവസ്ഥയാകും.
കഴിഞ്ഞ മാസം ആദ്യംമുതൽ നില നിൽക്കുന്ന പ്രതിസന്ധി ആഗസ്റ്റ് ആദ്യ ദിവസങ്ങളിൽ തന്നെ അതിരൂക്ഷമായി. കാഞ്ഞങ്ങാട്ടെ പ്രധാനമാവേലി സ്റ്റോറുകളിൽ മുളകും പഞ്ചസാരയും സ്റ്റോക്കില്ലാതായിട്ട് നാളുകളായി. ഇവക്ക് മാവേലി സ്റ്റോറിലും കടകളിലുമായി വലിയ അന്തരമാണ് വിലയുടെ കാര്യത്തിൽ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.