അവരല്ല; കാമറയിലെ യുവാക്കളെ പൊലീസ് കണ്ടെത്തി
text_fieldsകാഞ്ഞങ്ങാട്: അവർ കുറുവ സംഘമല്ല, സംശയസാഹചര്യത്തിൽ സി.സി.ടി.വി കാമറയിൽ കുടുങ്ങിയ യുവാക്കളെ പൊലീസ് കണ്ടെത്തി. ഇതോടെ രണ്ട് ദിവസമായി നീണ്ട ആശങ്കക്ക് പരിഹാരമായി. പടന്നക്കാടിന് സമീപത്തെ വീട്ടിലെ സി.സി.ടി.വി കാമറയിലാണ് വീട് നിരീക്ഷിച്ച് നടന്നുപോകുന്ന രണ്ടുപേരുടെ ദൃശ്യങ്ങൾ സംശയസാഹചര്യത്തിൽ പതിഞ്ഞത്.
സംസ്ഥാനത്ത് കുറുവ സംഘത്തിന്റെയടക്കം കവർച്ചസംഘങ്ങൾ ഭീഷണിയായിരിക്കെ സംശയസാഹചര്യത്തിൽ കണ്ടവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിടുകയും ജാഗ്രത പാലിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കാമറയിൽ പതിഞ്ഞ യുവാക്കളെ വ്യാഴാഴ്ച രാത്രിപൊലീസ് കണ്ടെത്തിയത്. ജോലി അന്വേഷിച്ചുവന്ന യുവാക്കൾ താമസിക്കാൻ വീട് അന്വേഷിക്കുകയായിരുന്നുവെന്നാണ് വ്യക്തമായത്. ഇവരെ സംശയിക്കത്തക്ക ഒന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇവർ മലപ്പുറം കൊണ്ടോട്ടി സ്വദേശികളാണ്. പൊലീസ് ഇരുവരിൽനിന്നും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മൂന്ന് ദിവസം മുമ്പാണ് ഇവർ നീലേശ്വരം ഭാഗത്തെത്തിയത്. വാട്ടർപ്രൂഫ് പെയിന്റിങ് ജോലി ചെയ്യുന്ന തൊഴിലാളികളാണ് രണ്ടുപേരും. മഴക്കാലം കഴിഞ്ഞതിനാൽ കാസർകോട് ഭാഗത്ത് ജോലി ലഭിക്കുമെന്ന് അറിഞ്ഞാണ് വരവ്. താമസിക്കാൻ ഒരു ലോഡ്ജ് തേടി നടക്കുകയായിരുന്നു.
ഒരു വീടിനുചുറ്റും നിറയെ സി.സി.ടി.വി കണ്ട് കൗതുകം തോന്നി നോക്കിയതാണ്. ഇത്രയുമധികം കാമറയോ? ആ നോട്ടം മൂലം പണി കിട്ടി. സി.സി.ടി.വിയെ തന്നെ ശ്രദ്ധിച്ച് നടക്കുകയായിരുന്ന അപരിചിതരായ ചെറുപ്പക്കാർ കുറുവ സംഘമായിരിക്കുമെന്ന് പൊലീസും സംശയിച്ചു. ഇരുവർക്കുമെതിരെ എവിടെയും കേസുകളില്ലെന്ന് മനസ്സിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.