പഴയ സ്റ്റാൻഡ് പൂട്ടും; ഏപ്രിൽ ഒന്നുമുതൽ ബസുകൾ അലാമിപ്പള്ളി സ്റ്റാൻഡിലേക്ക്
text_fieldsകാഞ്ഞങ്ങാട്: അറ്റകുറ്റപ്പണിക്കായി കാഞ്ഞങ്ങാട് നഗരത്തിലെ പഴയ ബസ് സ്റ്റാൻഡ് അടച്ചിടും. ഏപ്രിൽ ഒന്നുമുതൽ കോട്ടച്ചേരി ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശനം പൂർണമായി ഒഴിവാക്കി അലാമിപ്പള്ളി സ്റ്റാൻഡ് പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനം. ഇക്കാര്യം പരിഗണിക്കാൻ അടിയന്തിര നഗരസഭ കൗൺസിൽ യോഗം ചേർന്നിരുന്നു.
കോടികൾ ചെലവഴിച്ച് പണിത അലാമിപ്പള്ളി ബസ് സ്റ്റാൻഡിലെ കടമുറികൾ ലേലം ചെയ്ത് പോകാത്തത് നഗരസഭക്ക് ബാധ്യതയായിരിക്കുകയാണ്. ജനം എത്താത്തതാണ് മുറികൾ ആളുകൾ ഏറ്റെടുക്കാൻ തടസ്സമായത്. പഴയ ബസ് സ്റ്റാൻഡ് അടച്ചിടുന്നതോടെ ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ നിർത്തിയിടാൻ നിർബന്ധിതമാകും. ഇതോടെ ജനങ്ങളും പുതിയ ബസ് സ്റ്റാൻഡിലേക്കെത്തും. ഇതാണ് നഗരസഭ കണക്കുകൂട്ടുന്നത്.
ഏപ്രിൽ ഒന്നുമുതൽ അടച്ചിടുമെന്നാണ് പ്രഖ്യാപനമെങ്കിലും എത്രകാലത്തേക്കെന്ന് പറഞ്ഞിട്ടില്ല. നിലവിൽ ടാറിങ് ജോലി മാത്രമാണ് പഴയ സ്റ്റാൻഡിലുള്ളത്. ജോലി നീട്ടിക്കൊണ്ടുപോയാൽ പഴയ സ്റ്റാൻഡിനകത്തുള്ള വ്യാപാരികൾ പ്രതിസന്ധിയിലാകും. ഇവർ ഇപ്പോഴേ മുറുമുറുപ്പുയർത്തിയിട്ടുണ്ട്.
സ്വകാര്യ കെട്ടിടങ്ങളിൽ വാടകക്ക് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളെല്ലാം പുതിയ ബസ് സ്റ്റാൻഡിലേക്ക് മാറ്റിയാൽ തന്നെ ഇവിടെ സജീവമാകുമെന്നിരിക്കെയാണ് പഴയ സ്റ്റാൻഡ് അടച്ചിട്ടുള്ള പരീക്ഷണത്തിന് നഗരസഭ മുതിരുന്നത്. പയ്യന്നൂർ നഗര മാതൃകയിൽ ദീർഘദൂര ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽനിന്ന് ജില്ല ആശുപത്രി വഴി കാസർകോട് പോകുന്ന രീതിയിലും ഗതാഗതം ക്രമീകരിക്കണമെന്ന് അഭിപ്രായമുണ്ട്. കോട്ടച്ചേരി ബസ് സ്റ്റാൻഡ് ഫീസ് പിരിവിനുള്ള ലേലം നടപടികൾ നിർത്തി പകരം അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പിരിവിനുള്ള ലേല നടപടികൾ ആരംഭിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടന്ന കൗൺസിലിലെ ആദ്യ അജണ്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.