ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ ‘ജീവിതം’ പൊലീസ് കണ്ടെത്തി; പ്രവാസിക്കത് ഓണസമ്മാനമായി
text_fieldsകാഞ്ഞങ്ങാട്: ഗൾഫിൽ നിന്ന് മംഗളുരു വിമാനമിറങ്ങി തീവണ്ടിയിൽ നാട്ടിലേക്ക് വരുകയായിരുന്ന യുവാവിന്റെ പാസ്പോർട്ടും വിലപിടിപ്പുള്ള മറ്റുരേഖകളും പണവും അടങ്ങിയ ബാഗ് മദ്യപാനി ട്രെയിനിൽനിന്ന് പുറത്തേക്ക് വലച്ചെറിഞ്ഞു. തന്റെ ‘ജീവിതം’ തന്നെ ഇല്ലാതായി എന്ന് തോന്നിയ പ്രവാസിക്ക് പൊലീസിന്റെ അവസരോചിതമായ ഇടപെടൽ തുണയായി. കോഴിക്കോട് പെരുമ്പറയിലെ അനൽ ഗംഗക്കാണ് ദുരനുഭവവും പൊലിസിന്റെ തുണയും ലഭിച്ചത്. തിരുവോണ ദിവസം ചെന്നൈ മെയിലിലാണ് സംഭവം. മംഗളുരുവിൽ വിമാനമിറങ്ങി ട്രെയിനിൽ കോഴിക്കോട്ടേക്ക് പോകുകയായിരുന്നു അനൽ. വിലപ്പെട്ട രേഖകൾ സീറ്റിൽ വെച്ചിരുന്നു. ഒരു മദ്യപാനി യാതൊരു പ്രകോപനവുമില്ലാതെ സീറ്റിലുണ്ടായിരുന്ന ബാഗ് എടുത്ത് ട്രെയിനിൽനിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു.
ട്രെയിൻ ചന്തേര സ്റ്റേഷൻ വിട്ട് ഏറെ മുന്നോട്ട് നീങ്ങിയ സമയത്തായിരുന്നു സംഭവം. ഇതുകണ്ട് എന്തുചെയ്യണമെന്നറിയാതെ അനൽ ഒരു നിമിഷം പകച്ചു. ഈ സമയം ട്രെയിൻ പയ്യന്നൂർ സ്റ്റേഷനിലെത്തിയിരുന്നു. ഇവിടെ ചാടിയിറങ്ങിയ യുവാവ് റെയിൽവേ പൊലീസിനെ ബന്ധപ്പെട്ട് ചന്തേര പൊലീസ് സ്റ്റേഷനിലെ ഫോൺ നമ്പർ സംഘടിപ്പിച്ചു. ചന്തേര പൊലീസിനോട് സഹായം അഭ്യർഥിച്ചു. ഉടൻ എസ്.ഐ എ. സതീഷിന്റെ നേതൃത്വത്തിൽ പൊലീസ് റെയിൽവേ ട്രാക്കിലേക്ക് കുതിച്ചു. ഇതിനിടയിൽ സനലും സ്ഥലത്തെത്തി. മൂന്നു മണിക്കൂറോളം സമയമെടുത്ത് കിലോമീറ്ററോളം തിരച്ചീൽ നടത്തിയ ശേഷം വൈകീട്ട് ആറുമണിയോടെ പാളത്തിന് സമിപം കുറ്റിക്കാട്ടിൽ നിന്നാണ് ചിതറിക്കിടന്ന നിലയിൽ പാസ്പോർട്ടും വിലപിടിപ്പുള്ള രേഖകളും പണവുമെല്ലാം തിരിച്ചുകിട്ടിയത്.
സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പത്തുദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു യുവാവ്. പാസ്പോർട്ട് തിരിച്ചുകിട്ടിയില്ലായിരുന്നുവെങ്കിൽ ഗൾഫിലേക്ക് മടങ്ങാൻ കഴിയില്ലായിരുന്നു. വിസയും ജോലിയും നഷ്ടപ്പെടുമായിരുന്നു. ഓണദിവസം ജീവിതം തിരിച്ചുനൽകിയ പൊലീസ് ഉദ്യോഗസ്ഥർക്ക് സനൽ നന്ദി പറഞ്ഞു.
എസ്.ഐ സതീഷിനൊപ്പം പൊലീസുദ്യോഗസ്ഥരായ ഷിജിത്ത്, ദീപേഷ്, സുജിത്ത്, റൈറ്റർ ഷിജിത്ത് എന്നിവരാണ് തിരച്ചിലിനിറങ്ങിയത്. സ്റ്റേഷനിൽ ജി.ഡി. ചുമതലയിലുണ്ടായിരുന്ന ലക്ഷ്മണനായിരുന്നു ഫോണിലെത്തിയ സഹായാഭ്യർഥന യഥാസമയം മറ്റുള്ളവരെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.