ഓൺലൈൻ തട്ടിപ്പ്: ഇരയാകുന്നവരുടെ എണ്ണത്തിൽ കുറവില്ല
text_fieldsകാഞ്ഞങ്ങാട്: സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ലക്ഷ്യം വക്കുകയാണിപ്പോഴെന്ന് പൊലീസ്.സാമൂഹിക മാധ്യമങ്ങളിൽ പാർട്ട് ടൈം, ഓൺലൈൻ ജോലികൾ തിരയുന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സൈബർ തട്ടിപ്പു സംഘങ്ങളുടെ വലയിൽ അകപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്.
സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിൾ പേ അക്കൗണ്ടും ഉള്ളവർക്ക് ജോലി നൽകുന്നതാണ് തട്ടിപ്പുസംഘത്തിൻ്റെ രീതി. അവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് എത്തുന്ന പണം ലക്ഷം രൂപ കടക്കുമ്പോൾ കമീഷൻ എടുത്തശേഷം ബാക്കി തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിൽ അയക്കുകയെന്നതാണ് ജോലി. ഉയർന്ന കമീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മ്യൂൾ അക്കൗണ്ട് (വാടക അക്കൗണ്ട്) ആയി സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.
ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാൻമാരല്ലാത്ത യുവതീയുവാക്കൾ തങ്ങൾ അറിയാതെതന്നെ തട്ടിപ്പുസംഘത്തിലെ അംഗമായി മാറുന്നു. ഇത്തരം സൈബർ തട്ടിപ്പു സംഘത്തിന്റെ വലയിൽ യുവതലമുറ അകപ്പെടാതിരിക്കാൻ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അറിയിച്ചു. അക്കൗണ്ടിലൂടെ പണം കൈമാറ്റം നടത്തുന്നതിന് അപരിചിതരായ ആരെയും അനുവദിക്കരുത്.
ഇത്തരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ശ്രദ്ധയിപ്പെട്ടാൽ ഉടൻ തന്നെ വിവരം 1930ൽ അറിയിക്കണം. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പൊലീസ് അറിയിച്ചു.
പൊലീസ് ഇടക്കിടെ മുന്നറിയിപ്പ് നൽകുമ്പോഴും തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണത്തിൽ കുറവില്ല. നിരവധി പേർ ദിനം പ്രതി തട്ടിപ്പിനിരയാകുന്നു. എന്നാൽ പരാതി പൊലീസിലെത്തുന്നത് വിരളം. കഴിഞ്ഞ ദിവസം ചീമേനി സ്വദേശിയായ യുവാവിൽ നിന്നും തട്ടിപ്പ് സംഘം നാലുലക്ഷം തട്ടിയെടുത്തു.
മുംബൈ പൊലീസ് ചമഞ്ഞ് ഓൺലൈൻ വഴി ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. കാഞ്ഞങ്ങാട്ടെ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് 40 ലക്ഷം രൂപയാണ് ഓൺലൈൻ തട്ടിപ്പിൽ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.