ഓൺലൈൻ തട്ടിപ്പ് തുടരുന്നു; യുവതിയുടെ ഏഴു ലക്ഷം രൂപ നഷ്ടമായി
text_fieldsകാഞ്ഞങ്ങാട്: ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നു. ഒടുവിൽ പുറത്തുവന്ന തട്ടിപ്പ് കേസിൽ വെള്ളിക്കോത്ത് സ്വദേശിനിയായ യുവതിക്ക് ഏഴു ലക്ഷം രൂപ നഷ്ടമായി. അജാനൂർ വെള്ളിക്കോത്തെ കബീർ മൻസിലിൽ ഖാദറിന്റെ ഭാര്യ കെ. മർജാനാണ് പണം നഷ്ടമായത്. 2014 ഏപ്രിൽ അഞ്ചിനും 16 നും ഇടയിലാണ് യുവതിക്ക് പണം നഷ്ടമായത്. ഇൻസ്റ്റഗ്രാമിൽ കൂടിയും ടെലഗ്രാമിൽ കൂടിയും വർക്ക് ഫ്രം ഹോം എന്ന് പറഞ്ഞ് വിവിധ ടാസ്കുകൾ നൽകി പലതവണ യുവതിയിൽ നിന്നും പണം വാങ്ങുകയായിരുന്നു. ഡെപ്പോസിറ്റായി നൽകിയ പണമോ പറഞ്ഞുറപ്പിച്ച കൂടുതൽ തുകയോ തിരികെ ലഭിക്കാതെ വന്നതോടെ യുവതി പൊലീസിനെ സമീപിച്ചു.
ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ട്രാൻസ്ഫർ വഴിയുമാണ് പണം നൽകിയത്. 696568 രൂപയാണ് ആകെ നഷ്ടമായത്. സംഭവത്തിൻ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. സമാന സംഭവങ്ങളിൽ ചന്തേര, ബേക്കൽ പൊലീസും കഴിഞ്ഞ ദിവസം കേസെടുത്തു. ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി ഒട്ടേറെ പേർക്ക് പണം നഷ്ടപ്പെടുന്ന വാർത്തകൾ പുറത്തുവരുമ്പോഴും കൂടുതൽ ആളുകൾ തട്ടിപ്പിൽ വീഴുകയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും പ്രതികൾ കുടുങ്ങുന്നത് അപൂർവമാണ്. വ്യാജ മേൽവിലാസത്തിലായിരിക്കും മിക്ക തട്ടിപ്പുകളും നടക്കുന്നത്. വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചാവും തട്ടിപ്പിന്റെ ബുദ്ധികേന്ദ്രങ്ങൾ പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.