പാണത്തൂർ ബസപകടം: സഹായവുമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
text_fieldsകാഞ്ഞങ്ങാട്: പാണത്തൂരിൽ ബസപകടത്തിൽപ്പെട്ട് നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും കുട്ടികൾ ഉൾെപ്പടെ മരിക്കുകയും ചെയ്തുെവന്ന വാർത്ത പരന്നതോടെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ജനപ്രതിനിധികളും നാട്ടുകാരുമുൾെപ്പടെ നൂറുകണക്കിനാളുകളാണ് സഹായഹസ്തവുമായെത്തിയത്.
പാണത്തൂർ പരിയാരത്ത് അപകടത്തിൽപെട്ട് പരിക്കേറ്റ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുവരാൻ വാഹനങ്ങൾ ലഭിച്ചില്ലെന്ന വിവരത്തെത്തുടർന്ന് കാഞ്ഞങ്ങാടുനിന്ന് ആംബുലൻസ് പാണത്തൂരേക്ക് പോയാണ് പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെത്തിച്ചത്. നിസ്സാര പരിക്കേറ്റവരെ പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ഗുരുതര പരിക്കേറ്റവരെ ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലുമെത്തിച്ചു. ജില്ല ആശുപത്രിയിൽനിന്ന് പ്രാഥമിക ചികിത്സ നടത്തി വിദഗ്ധ ചികിത്സ ആവശ്യമായവരെ ഉടൻതന്നെ മംഗളൂരു ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരോടൊപ്പം സഹായികളായി സിവിൽ ഡിഫൻസ് അംഗങ്ങളാണ് മംഗളൂരു ആശുപത്രികളിലേക്ക് പോയത്.
12 പേരാണ് നിലവിൽ മംഗളൂരു ആശുപത്രികളിൽ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. ഇതു കൂടാതെ നിസ്സാര പരിക്കേറ്റ 35ഓളം പേരെ ഞായറാഴ്ച വൈകീട്ട് ജില്ല കലകട്ർ ഡി. സജിത് ബാബുവിെൻറ സാന്നിധ്യത്തിൽ ദക്ഷിണ കന്നഡ ജില്ല കമീഷണറുമായി ബന്ധപ്പെട്ട് മംഗളൂരുവിലെ വെൻറ്ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. നിസ്സാര പരിക്കേറ്റവരെ പ്രത്യേക വാഹനം ഏർപ്പാടാക്കിയാണ് ജില്ല ഭരണാധികാരികൾ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്.
ജില്ല കലക്ടർ ഡി. സജിത് ബാബു, ജില്ല പൊലീസ് മേധാവി ശിൽപ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത, മുൻ ചെയർമാൻ വി.വി. രമേശൻ, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത്, ജനറൽ സെക്രട്ടറി എ. വേലായുധൻ, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് പി.കെ. നിഷാന്ത് തുടങ്ങി നിരവധി പേർ ജില്ല ആശുപത്രിയിൽ എത്തി. പരിക്കേറ്റ് ആശുപത്രിയിലെത്തിയവർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളുമൊരുക്കാനും ഡി.വൈ.എഫ്.ഐ, സേവാഭാരതി പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.