പുലിഭീതിയിൽ പാണത്തൂർ മേഖല
text_fieldsകാഞ്ഞങ്ങാട്: പാണത്തൂർ പരിയാരത്ത് പുലിയിറങ്ങി. കാര്യങ്ങാനം റോഡിന് സമീപമാണ് പുലിയെ കണ്ടത്. ഇതുവഴി പോയ യാത്രക്കാരും കണ്ടത് പുലിയെതന്നെയെന്ന് വനപാലകർ സ്ഥിരീകരിച്ചു. പുലി സാന്നിധ്യമുള്ള പ്രദേശമാണിവിടം. അഞ്ചിന് രാത്രി 11 മണിയോടെയാണ് പരിയാരം, കാര്യങ്ങാനം റോഡ് ആരംഭിക്കുന്ന ഭാഗത്ത് പുലിയെ കണ്ടത്. പ്രദേശത്തുകാരനായ നൗഷാദാണ് പുലിയെ ആദ്യം കണ്ടത്. റോഡിന് എതിർവശത്തുകൂടി വന്ന പുലി റബർ തോട്ടത്തിലേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് രാത്രിയിൽ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.
മഴയായതിനാൽ പുലിയുടെ കാൽപാടുകളടക്കം അടയാളങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും റബ്ബർതോട്ടത്തിലേക്ക് ചാടിയത് പുലി തന്നെയെന്ന് ഉറപ്പാക്കിയിട്ടുണ്ട്. വർഷങ്ങൾക്കിടെ പ്രദേശത്ത് പലതവണ പുലിയെ കണ്ടിരുന്നു. പട്ടികളെ കൊണ്ടുപോകാറുണ്ടെങ്കിലും മനുഷ്യരെ ഇതുവരെ ഉപദ്രവിച്ചിട്ടില്ലെന്ന് വനപാലകർ പറഞ്ഞു. പെരുതടി പുളിംകൊച്ചിയിൽ അടുത്തിടെ പുലിയെ കണ്ടിരുന്നു. പരിയാരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പുലി സാന്നിധ്യമുണ്ടെന്ന് നേരത്തെതന്നെ ഉറപ്പാക്കിയതാണ്. ഒന്നിൽ കൂടുതൽ പുലികളുണ്ടെന്നാണ് നിഗമനം. കാടിനോട് ചേർന്നുള്ള വീടുകളിലെയും തെരുവുകളിലെയും പട്ടികളെ പുലി പിടിച്ചുകൊണ്ടുപോകാറുണ്ട്. എന്നാൽ, വളർത്തുമൃഗങ്ങളെ ഇതുവരെ ഉപദ്രവിച്ചിട്ടില്ല. കർണാടക ഫോറസ്റ്റിനോടു ചേർന്നുള്ള ഈ ഭാഗത്ത് സെക്ഷൻ ഓഫിസർ സേസപ്പയുടെ നേതൃത്വത്തിൽ നിരീക്ഷണം നടത്തുന്നുണ്ട്. പരിയാരം ഭാഗത്ത് മൂന്നുമാസം മുമ്പ് പുലിയെ കണ്ട സ്ഥലത്ത് കാമറ സ്ഥാപിച്ചിരുന്നെങ്കിലും ദൃശ്യം ലഭിച്ചിട്ടില്ല. കാമറ സ്ഥാപിച്ച സ്ഥലത്തുനിന്ന് എട്ടുകിലോമീറ്റർ ദൂരത്താണ് കഴിഞ്ഞദിവസം പുലിയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.