കാഞ്ഞങ്ങാട് എത്തിയാൽ എവിടെ പാർക്ക് ചെയ്യും?
text_fieldsകാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗതസംവിധാനം പരിഷ്കരിക്കാൻ രണ്ടര മാസം മുമ്പ് നടന്ന യോഗത്തിൽ തീരുമാനമായെങ്കിലും തുടർനടപടിയില്ല. ഗതാഗത പരിഷ്കരണത്തിനു മുന്നോടിയായി നഗരത്തിൽ ഏർപ്പെടുത്തേണ്ട സംവിധാനങ്ങൾ ഏതൊക്കെയെന്ന് തിരിച്ചറിയാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ സബ് കമ്മിറ്റി നഗരത്തില്‍ പരിശോധന നടത്തിയെങ്കിലും നഗരത്തിൽ പാർക്കിങ്ങിന് അനുയോജ്യമായ സ്ഥലംപോലുമില്ലാത്ത അവസ്ഥയാണ്.
പുതിയകോട്ട മുതല്‍ നോര്‍ത്ത് കോട്ടച്ചേരി വരെ റോഡിന് ഇരുവശത്തും പാര്‍ക്കിങ് ഏരിയകള്‍ കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും അതും നടന്നില്ല. പാര്‍ക്കിങ് ഏരിയകളില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ പരിശോധിക്കാൻ ഉത്സാഹം കാണിക്കുന്ന അധികൃതർ സ്വകാര്യ പാര്‍ക്കിങ് ഏരിയകള്‍ കണ്ടെത്താൻ പെടാപ്പാട് പെടുകയാണ്.
'കടയിൽ കയറുമെങ്കിൽ വെച്ചോളൂ'
മാതാവിനെ നഗരത്തിലെ ഡോക്ടറെ കാണിക്കാൻ വന്നതായിരുന്നു കല്ലൂരാവിയിലെ നൗഷാദ്. ക്ലിനിക്കിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. ക്ലിനിക്കിനടുത്തുള്ള വസ്ത്രക്കടയുടെ മുന്നിലെത്തിയപ്പോൾ സെക്യൂരിറ്റിക്കാരൻ പറഞ്ഞു, കടയിൽ കയറുമെങ്കിൽ വാഹനം ഇവിടെ നിർത്താം. കടയിലേക്കല്ല, ഡോക്ടറെ കാണാനെന്ന് പറഞ്ഞപ്പോൾ പാർക്ക് ചെയ്യാൻ സമ്മതിച്ചില്ല. 75 വയസ്സുള്ള ഉമ്മയെയുംകൂട്ടി പുതിയകോട്ടയിൽനിന്ന് നഗരത്തിലെ ക്ലിനിക്കിലേക്ക് നടക്കേണ്ടിവന്നു.
സ്റ്റേഷൻ റോഡിൽ വാഹനനിര
തിരക്കുള്ള നേരങ്ങളിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നത് യാത്രക്കാർക്ക് പരീക്ഷണമാണ്. ടൗണിനുള്ളിൽ പാർക്കിങ് സ്ഥലമില്ലാത്തതിനാൽ സ്റ്റേഷൻ റോഡിന് ഇരുവശത്തുമാണ് പാർക്കിങ്. രാവിലെ പാർക്ക് ചെയ്താൽ രാത്രിയാണ് വാഹനമെടുക്കുക. റെയിൽവേയുടെ കൈവശം ഏറെ സ്ഥലമുണ്ടായിട്ടും പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നിലവിൽ കാറുകൾ നിർത്തിയിടാൻ പരിമിത സൗകര്യമാണ് റെയിൽവേ സ്റ്റേഷനിലുള്ളത്. ഇരുചക്രവാഹനങ്ങൾക്കായി വേറെയും സൗകര്യമുണ്ടെങ്കിലും തിരക്കുള്ള നേരങ്ങളിൽ വാഹനം നിർത്തിയിടാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്. കാഞ്ഞങ്ങാട് റെയിൽവേ ഗേറ്റിൽനിന്നു തുടങ്ങി സ്റ്റേഷൻ വരെ റെയിൽവേയുടെ സ്ഥലമാണ്. വിപുലമായ പാർക്കിങ് ഗ്രൗണ്ട് ഒരുക്കാൻ ഈ സ്ഥലം ധാരാളമാണ്.
പിഴയിടാനെന്ത് ഉൽസാഹം!
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയുണ്ട്. സർവിസ് റോഡിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കാരണമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിധി വിട്ടതോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. സർവിസ് റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽനിന്നു പിഴ ഈടാക്കിയാണ് നടപടിക്ക് തുടക്കംകുറിച്ചത്.
ആളില്ലാതെ പാർക്ക് ചെയ്ത വാഹനങ്ങളിൽ നടപടിയുടെ ഭാഗമായി പിഴ ഒടുക്കാനുള്ള സ്റ്റിക്കറും പതിച്ചുതുടങ്ങി. കാഞ്ഞങ്ങാട് പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടിയൊന്നും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പട്ടണത്തിൽ പ്രധാന റോഡിനിരുവശവും രണ്ടുവരിപ്പാതയും ഇൻറർലോക്ക് പാകിയ സർവിസ് റോഡും നിർമിച്ചിട്ടുണ്ടെങ്കിലും ഇതിെൻറ പ്രയോജനം ലഭിക്കാത്ത അവസ്ഥയാണ്. പാർക്കിങ് നിയന്ത്രണം കർശനമായി നടപ്പാക്കാത്തതാണ് ഇതിനു പ്രധാന കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.