നോ പാർക്കിങ് ബോർഡുണ്ടോ, അവിടെ പാർക്കിങ് ഉറപ്പ്
text_fieldsകാഞ്ഞങ്ങാട്: നോ പാർക്കിങ് ബോർഡ് എവിടെക്കണ്ടാലും അവിടെയൊക്കെ വാഹനങ്ങൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്ന അവസ്ഥയാണ് കാഞ്ഞങ്ങാട് നഗരത്തിൽ. നടപടിയെടുക്കേണ്ടവർ കണ്ണടക്കുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിയുന്നുമില്ല. കെ.എസ്.ടി.പി വിശാലമായ റോഡൊരുക്കിയിട്ടും കാഞ്ഞങ്ങാട് നഗരം വീർപ്പുമുട്ടുകയാണ്. സർവിസ് റോഡിലെല്ലാം തലങ്ങും വിലങ്ങുമാണ് വാഹന പാർക്കിങ്.
ചന്ദ്രഗിരി റോഡിലൂടെ കാഞ്ഞങ്ങാട് നഗരമധ്യത്തിലൂടെ പകൽ ടാങ്കർ ലോറികൾ പോകുന്നത് നിയന്ത്രിക്കുമെന്ന് ജില്ല ഭരണകൂടം തന്നെ കൊട്ടിഘോഷിച്ചിട്ടും ഇതൊന്നും നടപ്പായില്ല. അടുത്തിടെ കാഞ്ഞങ്ങാട് നഗരത്തിൽ നിന്നുതന്നെ ആംബുലൻസ്, ബസിന് പിന്നിലിടിച്ച് ഒരാളുടെ ജീവൻ പൊലിഞ്ഞിരുന്നു. കോട്ടച്ചേരി ട്രാഫിക് സർക്കിളിന് വടക്ക് റെയിൽവേ മേൽപാലം ഉദ്ഘാടനം ചെയ്യുന്നതോടെ ആകെക്കൂടി ജഗപൊകയാകുമെന്നാണ് ആശങ്ക.
കാറുകളുമായി നഗരത്തിലെത്തുന്നവർ പാതയോരത്ത് രാവിലെ വാഹനം പാർക്ക് ചെയ്താൽ രാത്രിവരെ അവിടെയുണ്ടാകും. ഇരുചക്ര വാഹനങ്ങളും ഇതുപോലെ കൂട്ടിയിടുന്നുണ്ട്. കൂടുതൽ പാർക്കിങ് സൗകര്യം ഒരുക്കി അതുസംബന്ധിച്ചുള്ള ദിശാബോർഡുകൾ എല്ലായിടത്തും സ്ഥാപിച്ചാൽ ഡ്രൈവർമാർക്ക് സഹായമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.