നിലവിളി ശബ്ദം കേട്ട് പതറി, ഒടുവിൽ ആശ്വാസത്തിൽ നാട്ടുകാർ
text_fieldsകാഞ്ഞങ്ങാട്: അരയി പുഴയിൽനിന്ന് കേട്ട നിലവിളി ശബ്ദം ആശങ്കക്കൊടുവിൽ നാട്ടുകാരെ ആശ്വാസത്തിലാക്കി. പുഴയിൽ ഒഴുക്കിൽപെട്ടത് പോത്തും നിലവിളിച്ചത് പോത്തിന്റെ ഉടമയുമെന്നറിഞ്ഞ ആശ്വാസത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം വൈകീട്ട് നാട്ടുകാരെയും അഗ്നിരക്ഷസേനയും മണിക്കൂറോളം വട്ടംചുറ്റിച്ച നിലവിളിക്ക് പിന്നിലെ കാരണമാണ് വ്യക്തമായത്.
പുഴയിൽ നിന്ന് നിലവിളി ശബ്ദം പലരും കേട്ടതോടെ കുത്തിയൊഴുകുന്ന അരയി പുഴയിൽ ആരോ വീണതായ സംശയമുണ്ടായി. തുടർന്ന് സ്ഥലത്ത് നാട്ടുകാരും അഗ്നിരക്ഷസേനയും തിരച്ചിൽ നടത്തി. കാർത്തിക പുഴയുടെ പടിഞ്ഞാറുഭാഗം കല്ലൂർ താഴ എന്ന സ്ഥലത്തു നിന്നുമാണ് നിലവിളി കേട്ടത്.
നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താനുമായില്ല. തുടർന്ന് അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാടുനിന്ന് ഫയർ ഫോഴ്സ് എത്തി വ്യാപക തിരച്ചിൽ നടത്തി. പുഴയുടെ ഓരങ്ങളിലും വെള്ളം കയറിയ വയലിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിരച്ചിൽ മണിക്കൂറോളം തുടർന്നിരുന്നു.
അഗ്നിരക്ഷസേനയുടെ ചെറിയ ബോട്ട് ഉൾപ്പെടെ തിരച്ചിലിന് ഉപയോഗിച്ചു. രാത്രിയോടെയാണ് നില വിളിയുടെ കാരണം നാട്ടുകാരറിയുന്നത്. പുഴയോരത്ത് മേയാൻവിട്ട പോത്തിൻകുട്ടി വെള്ളത്തിൽ വീണ് ഒഴുകിയതിനെ തുടർന്ന് ഉടമ നിലവിളിച്ചതാണെന്നാണ് തിരിച്ചറിഞ്ഞത്.
പുഴയുടെ അൽപം താഴെ നിന്ന് ഉടമ പോത്തിൻ കുട്ടിയെ രക്ഷിച്ച് അതുവഴി പോവുകയും ചെയ്തു. നിലവിളികേട്ട നാട്ടുകാരാകട്ടെ ആശങ്കയിൽ തിരച്ചിൽ നടത്തുകയായിരുന്നു. ദിവസങ്ങൾക്കുമുമ്പ് ഒരു വിദ്യാർഥി ഇതേ പുഴയിൽ മുങ്ങിമരിച്ചതിന് ശേഷം നാട്ടുകാർ ജാഗ്രതയിലുമായിരുന്നു. പോത്തിന്റെ ഉടമയാവട്ടെ തിരച്ചിൽ നടത്തുന്ന കാര്യമൊന്നും തത്സമയം അറിഞ്ഞതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.