പെരിയ കോൺഗ്രസ്; പുറത്താക്കിയവരുടെ നീക്കം കരുതലോടെ
text_fieldsകാഞ്ഞങ്ങാട്: കൊലക്കേസ് പ്രതിയുടെ കുടുംബത്തിലെ വിവാഹസൽക്കാരത്തിൽ പങ്കെടുത്തതിന് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട നേതാക്കളുടെ നീക്കം കരുതലോടെ. പാർട്ടിയിൽതന്നെ തുടരുകയൊണെന്ന് പ്രസ്താവിച്ചതിനാൽ തുടർനീക്കങ്ങളിൽ പാർട്ടിയെ വെല്ലുവിളിക്കുന്ന നീക്കങ്ങൾ ഒഴിവാക്കാനാണ് ശ്രമം.
ഇതിന്റെ ഭാഗമായി പെരിയയിൽ തിങ്കളാഴ്ച വിളിച്ചുചേർത്ത വിമതയോഗം മാറ്റിവെച്ചു. പെരിയയിൽ നടന്ന പ്രതിഷേധയോഗത്തിൽ പുറത്താക്കപ്പെട്ടവരും ഭാരവാഹികളും പങ്കെടുത്തില്ല.
കോൺഗ്രസ് തട്ടകമായ പെരിയയിൽ പാർട്ടിപ്രവർത്തകർക്കിടയിൽ തങ്ങളുടെ സ്വാധീനം വെളിവാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു യോഗം നടത്താൻ തീരുമാനിച്ചത്. പാർട്ടി പുറത്താക്കിയവരിൽ കോൺഗ്രസ് നിയന്ത്രണത്തിലുള്ള പെരിയ സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാമകൃഷ്ണൻ പെരിയയും ഉൾപ്പെട്ടതുകൊണ്ട് ബാങ്ക് ജീവനക്കാരും ബാങ്കുമായി ബന്ധപ്പെട്ടവരും പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പരസ്യ പ്രതിഷേധത്തിന് ബാങ്ക് ജീവനക്കാരും എതിരായിരുന്നു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലിനുമെതിരെ പെരിയയിൽ കഴിഞ്ഞ ദിവസം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നിർമാണം പൂർത്തിയായ പെരിയ മണ്ഡലം കോൺഗ്രസ് ഓഫിസ് ചുമരുകളിലാണ് 13 പോസ്റ്ററുകൾ പതിച്ചതായി കണ്ടത്.
ഇരുവരെയും വ്യക്തിപരമായി അധിക്ഷേപിച്ചായിരുന്നു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അച്ചടക്കനടപടിക്ക് വിധേയമായവരെ അനുകൂലിക്കുന്നവരാണ് ഇതിനു പിന്നിലെന്നാണ് സംശയം.
പെരിയയിലെ കോൺഗ്രസിനെ രക്ഷിക്കാൻ കെ.പി.സി.സി പ്രസിഡന്റ് ഇടപെടണമെന്നും പെരിയയിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ പ്രകടനം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും ഡി.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പെരിയയിലെ സജീവ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തില്ലെന്ന് നേതാക്കൾ പറഞ്ഞു.
ഇന്നലെ മുടങ്ങിയ യോഗം മറ്റൊരു ദിവസം ഉണ്ടാകുമോ എന്ന് വ്യക്തമല്ല. കോൺഗ്രസുകാരനെന്ന് അണികളെ ബോധ്യപ്പെടുത്താനും ഒപ്പം രാജ് മോഹൻ ഉണ്ണിത്താനും ഡി.സി.സി നേതൃത്വത്തിനുമെതിരെ യുദ്ധം തുടരാനുമാണ് പുറത്താക്കിയവർ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.