ദയവായി മാലിന്യം വലിച്ചെറിയരുത്; വലയിൽ കുടുങ്ങി ജീവിതമില്ലാതാകുന്നു
text_fieldsകാഞ്ഞങ്ങാട്: മാർച്ചിൽ കൊറോണ വന്നതു മുതൽ പട്ടിണിയാണ്. കടലിൽ തോണിയിറക്കാൻ കഴിയാത്തതിനാൽ ചെറിയ ചുറ്റളവിൽ വലയിടാറുണ്ട്, വലയിൽ മീൻ കുടുങ്ങിയെന്ന് വിചാരിച്ച് വലിച്ചാൽ വലനിറയെ മാലിന്യമാണ്, മാലിന്യം കുടുങ്ങി വല ചുരുണ്ട് മുഴുവൻ നശിക്കുന്നതായി മത്സ്യത്തൊഴിലാളി സതീശൻ പറഞ്ഞു.
മീനിനേക്കാള്‍ കൂടുതല്‍ കുടുങ്ങുന്നത് പ്ലാസ്റ്റിക്കാണ്. തീരക്കടലിലൊന്നും ഒട്ടും മീനില്ലാതായിരിക്കുന്നു. കടല്‍ പഴയതുപോലെയേ അല്ല. ഒരുപാട് മാറിപ്പോയി... ഇപ്പോള്‍ കടലില്‍ പോകുമ്പോള്‍ വലയില്‍ മീനിനേക്കാള്‍ കൂടുതല്‍ കുടുങ്ങുന്നത് പ്ലാസ്റ്റിക്കാണെന്നും മത്സ്യത്തൊഴിലാളി വിഷമത്തോടെ പറഞ്ഞു. ജനം ഇരുട്ടിെൻറ മറവിലും അല്ലാതെയും പുഴയിലും കടലിലുമായി തള്ളിയ പ്ലാസ്റ്റിക് മാലിന്യമുള്‍പ്പെടെ സകലതും അജാനൂർ തീരത്ത് കടൽത്തിരമാലകള്‍ തിരിച്ചുതള്ളുന്ന പതിവുമുണ്ട്. കടപ്പുറത്ത് മുഴുവൻ മാലിന്യം വന്നുനിറഞ്ഞതോടെ ഇതെങ്ങനെ നീക്കം ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് പ്രദേശ വാസികള്‍.
പ്ലാസ്റ്റിക് കവറുകള്‍, കുപ്പികള്‍, ചെരുപ്പുകള്‍, ചകിരി, ചിരട്ട, വൃക്ഷത്തടി എന്നിങ്ങനെ എളുപ്പത്തിൽ ദ്രവിക്കാത്ത ടൺ കണക്കിന് മാലിന്യമാണ് ബീച്ചിൽ അടിഞ്ഞത്. ഇതിൽ കുപ്പി മാലിന്യങ്ങൾ കൊണ്ടാണ് വലകൾ കൂടുതലും നശിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കടൽതീരം നിറയെ. ചില സമയങ്ങളിൽ അറവുമാലിന്യമടക്കം വരുന്നു.
മാലിന്യക്കൊട്ടയായതിനാൽ സമീപവാസികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മണവും കൊതുകിെൻറ ശല്യവും ഉണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
പ്ലാസ്റ്റിക് മാലിന്യം കടലില്‍ ഒരു കാരണവശാലും എത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അധികാരികളാണെങ്കിലും ഒരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എന്നാല്‍, ഇതര മേഖലകളില്‍നിന്നെത്തുന്നവര്‍ റിങ് വലകള്‍ ഉപയോഗിക്കുന്നതിനാല്‍ മത്സ്യക്കുഞ്ഞുങ്ങളും മീന്‍മുട്ടകളും ഉള്‍പ്പെടെ വ്യാപകമായി നശിക്കുന്നു. കട്ടമരവും കമ്പവലയും ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം തീരത്തുനിന്ന് ഏഴ് നോട്ടിക് മൈലിനുള്ളിലാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.