പൊലീസ് പരിശോധന; ലൈസൻസില്ലാത്ത അമ്പതോളം വാഹനങ്ങൾ പിടിയിൽ
text_fieldsകാഞ്ഞങ്ങാട്: റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലൂടനീളം പൊലീസ് നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയും ഇൻഷുറൻസ് ഉൾപ്പെടെ രേഖകളില്ലാതെയും ഓടിച്ച അമ്പതോളം വാഹനങ്ങൾ പിടികൂടി. രണ്ട് ദിവസമായി നടന്ന പരിശോധനയിലാണ് ഇത്രയേറെ വാഹനങ്ങൾ പിടികൂടിയത്. ഈമാസം ഏഴുവരെ നീളുന്ന റോഡ് സുരക്ഷാവാരാചരണത്തിന്റെ ഭാഗമായായിരുന്നു വ്യാപക പരിശോധന.
കാസർകോട് എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ ഓടിച്ച എട്ട് ഇരുചക്രവാഹനങ്ങളും രണ്ട് ഓട്ടോറിക്ഷകളും പിടികൂടി. ഇൻഷുറൻസ് ഇല്ലാതെ ഓടിച്ച വാഹനങ്ങളും പിടികൂടിയവയിൽപെടും. ബേക്കൽ, അമ്പലത്തറ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലൈസൻസ് ഇല്ലാതെ ഓടിച്ച വാഹനങ്ങൾ പിടികൂടി. പകലും രാത്രിയും വ്യത്യാസമില്ലാതെയാണ് പരിശോധന.
നിരവധി കുട്ടിഡ്രൈവർമാരും പിടിയിലായിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽമാത്രം പത്തോളം കുട്ടിഡ്രൈവർമാർക്കാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പിടിവീണത്. കുട്ടികളുടെ മാതാപിതാക്കളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.