'വല്യമ്മയുടെ വീട്ടിൽ ചക്ക പറിക്കാൻ പോകണം'; സത്യവാങ്മൂലം കണ്ട് ഞെട്ടി പൊലീസ്
text_fieldsകാഞ്ഞങ്ങാട്: ലോക്ഡൗണിൽ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാനുള്ള പൊലീസ് സത്യവാങ്മൂലത്തിലെ പുറത്തിറങ്ങാനുള്ള കാരണങ്ങൾ വായിച്ച് ഞെട്ടി പൊലീസ്. നഗരത്തിലെ വാഹന പരിശോധനക്കിടെ ഒരു യുവാവിെൻറ സത്യവാങ്മൂലം പരിശോധിച്ചപ്പോൾ കണ്ടത് ഇങ്ങനെയാണ്, 'വല്യമ്മയുടെ വീട്ടിൽ ചക്ക പറിക്കാൻ പോകണ'മെന്നാണ്. പൊലീസ് പാസ് ആവശ്യമാണെങ്കിലും എന്നാൽ ഇവ ലഭ്യമാകാൻ കാലതാമസമെടുക്കുമെന്ന കാരണത്താൽ, പുറത്തിറങ്ങുമ്പോൾ വെള്ളക്കടലാസിൽ സ്വയം എഴുതി സാക്ഷ്യപ്പെടുത്തിയാൽ മതിയെന്ന നിർദേശത്തെ ദുരുപയോഗം ചെയ്താണ് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്.
വരുന്ന ഞായറാഴ്ച കല്യാണമാണ്, ഡ്രസെടുക്കണമെന്നുപറഞ്ഞാണ് മറ്റു ന്യായങ്ങൾ. കേടായ ജ്യൂസ് മെഷീൻ നന്നാക്കാൻ പോകുന്നവർ, മുട്ട വാങ്ങാൻ പോകുന്നവർ തുടങ്ങി പഞ്ചായത്ത് വാർഡിലെ വളൻറിയർമാർക്ക് അനുവദിച്ച പാസ് ഉപയോഗിച്ച് വിത്തുവാങ്ങാൻ ടൗണിൽ എത്തിയവരുമുണ്ട്. 90 ശതമാനം പേരും ഗുളിക വാങ്ങാനും ആശുപത്രി എന്നും പറഞ്ഞാണ് വരവ്. 2017ൽ ഡോക്ടറെ കണ്ട ശീട്ടുവരെ എടുത്താണ് ചില വിദ്വാന്മാർ നാടുകാണാൻ ഇറങ്ങുന്നത്.
പുത്തൻ കാറിൽ ടൗണിലെ ഒരു സൂപ്പർ മാർക്കറ്റിലേക്ക് പുറപ്പെട്ട ഒരു സംഘം സത്യവാങ്മൂലത്തിൽ എഴുതിയ സമയം ഉച്ചക്ക് 12.30 മുതൽ 4.30 വരെ. വീട്ടുസാധനങ്ങൾ വാങ്ങാൻ നാലു മണിക്കൂറാണ് സമയം എഴുതിയത്. രാവിലെ ഏഴുമണി മുതൽ രാത്രി ഏഴുമണിവരെ റോഡിൽ പരിശോധനക്കായി നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇതെല്ലാംകണ്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.