പൊലീസ് കാട് വളഞ്ഞു; നായാട്ടുസംഘം കാട്ടുപന്നിയിറച്ചി ഉപേക്ഷിച്ച് രക്ഷപ്പെട്ടു
text_fieldsകാഞ്ഞങ്ങാട്: കാട്ടിൽ കയറി പൊലീസ് വളഞ്ഞപ്പോൾ വെടിവെച്ചു വീഴ്ത്തിയ ഭീമൻ പന്നിയെ ഉപേക്ഷിച്ച് നായാട്ടുസംഘം രക്ഷപ്പെട്ടു. വെള്ളരിക്കുണ്ട് പുന്നകുന്നിൽ ശനിയാഴ്ച രാവിലെ സ്വകാര്യ റബർ തോട്ടത്തിലായിരുന്നു സംഭവം. പത്തു മണിയോടെ വെടിയൊച്ച കേട്ട വിവരം നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്. വെള്ളരിക്കുണ്ട് എസ്.ഐ എം.പി. വിജയകുമാറും സംഘവും പൊലീസ് വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനത്തിൽ എത്തുകയും കാടുകയറി പരിശോധന നടത്തുകയും ചെയ്തു.
വെടിവെച്ചുകൊന്ന പന്നിയെ റബർ തോട്ടത്തിൽ കഷണങ്ങളാക്കുന്നതിനിടെ പൊലീസിനെ കണ്ട നായാട്ട് സംഘം ഇറച്ചി ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. 80 കിലോയോളം തൂക്കമുള്ള പന്നിയുടെ തലഭാഗം ഒഴിച്ച് ബാക്കി എല്ലാം സംഘം വെട്ടിനുറുക്കിയ നിലയിലായിരുന്നു.
പന്നിയെ വേട്ടയാടാൻ സംഘം നായ്ക്കളെ ഉപയോഗിച്ചതായാണ് വിവരം. മരക്കുറ്റിയും തൂക്കാൻ ഉപയോഗിച്ച ത്രാസും പ്ലാസ്റ്റിക് കവറുകളും ഇവിടെനിന്ന് കണ്ടെത്തി. തോക്കിനുവേണ്ടി കാട് മുഴുവൻ പൊലീസ് അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ത്രാസിനു മുകളിൽ സാബു എന്ന പേര് കണ്ടെത്തി. സംശയാസ്പദമായരീതിയിൽ കണ്ട ഓട്ടോറിക്ഷയെക്കുറിച്ച് അന്വേഷണം തുടങ്ങി. കേസ് ഭീമനി ഫോറസ്റ്റ് വിഭാഗത്തിന് കൈമാറി.
കാഞ്ഞങ്ങാടുനിന്ന് ഫോറസ്റ്റ് റേഞ്ചർ അടക്കമുള്ളവർ സ്ഥലത്തെത്തി. എ.എസ്.ഐ രാജൻ, സിവിൽ പൊലീസ് ഓഫീസർമാരായ റെജി കുമാർ, നൗഷാദ് എന്നിവരാണ് നായാട്ട് സംഘത്തെ വളഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.