പൂടംകല്ല് താലൂക്ക് ആശുപത്രിക്കുമുണ്ട് പരിഹരിക്കാനേറെ കാര്യങ്ങൾ...
text_fieldsകാഞ്ഞങ്ങാട്: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പണി പൂര്‍ത്തിയാക്കിയ അമ്മയും കുഞ്ഞും വാര്‍ഡ് എന്ന് തുറക്കുമെന്നറിയാൻ മലയോരത്തെ ജനങ്ങൾ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വാർഡ് സജ്ജമാണ്. ഗൈനക്കോളജിസ്റ്റിനെ നിയമിച്ചാൽ പ്രസവ ചികിത്സ ആരംഭിക്കാൻ കഴിയും. വ്യാഴാഴ്ച ആശുപത്രിയിലെത്തുന്ന ആരോഗ്യ മന്ത്രി ഇതിന് കനിയണമെന്നാണ് മലയോരത്തിന്റെ ആവശ്യം. നിലവിൽ മലയോര മേഖലയിൽ പ്രസവ ചികിത്സ കേന്ദ്രങ്ങളില്ല.
മലയോരത്തിെന്റ ഏക ആശ്രയമായ പനത്തടി കമ്യൂണിറ്റി ഹെൽത്ത് സെന്റർ താലൂക്ക് ആശുപത്രിയായി മാറിയതിന് ശേഷമാണ് അമ്മയും കുഞ്ഞും വാർഡിെന്റ നിർമാണം തുടങ്ങിയത്.
താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് ഓപറേഷന് തിയറ്ററടക്കമുള്ള ആധുനിക സൗകര്യങ്ങളോടെ അമ്മയും കുഞ്ഞും വാര്‍ഡ് ഒരുക്കിയിട്ടുള്ളത്. ദേശീയ ഹെല്‍ത്ത് മിഷന് പദ്ധതിയില്‍പ്പെടുത്തി 1.6 കോടി രൂപ ചെലവഴിച്ചാണ് വാര്‍ഡ് നിര്‍മിച്ചത്.
മലയോരമേഖലയുടെ ആശ്രയമായ താലൂക്ക് ആശുപത്രിയില്‍ എത്രയും പെട്ടെന്ന് ഗൈനക്കോളജി വിഭാഗമടക്കമുള്ള സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ കൊണ്ടുവരുമെന്നാണ് 2019 ല്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ പറഞ്ഞിരുന്നത്. പണി പൂര്‍ത്തിയായിട്ടും ദുരവസ്ഥയാണിവിടെ.
ഡോക്ടര്‍മാരുടെയും ഇതരജീവനക്കാരുടെയും നിയമനം നടക്കാത്തതിനാല്‍ അടഞ്ഞുകിടക്കാനാണ് വാര്‍ഡിന്റെ വിധി. കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച സംവിധാനങ്ങളും മാസങ്ങളായി പ്രയോജനപ്പെടാതെ കിടക്കുന്നു. താലൂക്ക് ആശുപത്രി എന്ന നിലയില്‍ അവശ്യം വേണ്ട സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും സാധിച്ചിട്ടില്ല.
താലൂക്ക് ആശുപത്രി ഉണ്ടായിട്ടും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സ കിട്ടാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ് മലയോരമേഖലയിലെ ജനങ്ങൾക്ക്. കെട്ടിടവും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ് മലയോരത്തെ മിക്ക ആരോഗ്യകേന്ദ്രങ്ങളിലുമുള്ളത്.
പൂടംകല്ല് താലൂക്ക് ആശുപത്രിയും വെള്ളരിക്കുണ്ട് ബ്ലോക്ക് ആരോഗ്യകേന്ദ്രവും ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചാല്‍ ജില്ല ആശുപത്രിയിലെ തിരക്ക് കുറക്കാനാകും. താലൂക്ക് ആശുപത്രി ഉൾപ്പെടെ കിഴക്കൻ മലയോര മേഖലകളിലെ മിക്ക സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്കും അടിസ്ഥാന ചികിത്സ അനിവാര്യമാണ്.
പൂടംകല്ല് താലൂക്കാശുപത്രിയിൽ രാത്രികാല ചികിത്സമുടങ്ങുന്നത് പതിവായത് രോഗികളെ വലിയ പ്രയാസത്തിലാക്കുന്നു. ഒ.പി യിലും ആവശ്യത്തിന് ഡോക്ടർമാരില്ല. 15 ഡോക്ടർമാരുടെ നിയമനമുണ്ടെങ്കിലും പലരും വിവിധ കാരണത്താൽ അവധിയിൽ പ്രവേശിക്കുന്നതുമൂലം ദുരിതമനുഭവിക്കുന്നത് രോഗികളാണ്.
വാഹനാപകടങ്ങൾ ഉൾപ്പെടെ പെരുകിയ സാഹചര്യത്തിൽ ഇവിടെ അസ്തി രോഗ വിദഗ്ധന്റെ സേവനം പെട്ടന്ന് തന്നെയുണ്ടാക്കാൻ മന്ത്രിയുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകേണ്ടതുണ്ട്. ഡയാലിസിസ് കെട്ടിടം പൂർത്തിയായിട്ടുണ്ടെങ്കിലും ഇത് ഉദ്ഘാടനം ചെയ്യാൻ വൈകുകയാണ്. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനമുണ്ടാക്കണമെന്നതാണ് മറ്റൊരു ആവശ്യം. കിലോമീറ്ററുകൾ ഏറെ താണ്ടി ജില്ല ആശുപത്രിയെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.