പ്രതിഷേധം; ഡ്രൈവിങ് ടെസ്റ്റ് നിർത്തിവെച്ചു
text_fieldsകാഞ്ഞങ്ങാട്: ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഡ്രൈവിങ് ടെസ്റ്റുകൾ അനിശ്ചിത കാലത്തേക്ക് നിർത്തി. കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, കാസർകോട് എന്നീ കേന്ദ്രങ്ങളിൽ അനിശ്ചിത കാലത്തേക്കാണ് നിർത്തിവെച്ചത്. 2024ലെ സർക്കുലറിൽ പ്രതിഷേധിച്ചാണ് നടപടി. ഇതിന്റെ ഭാഗമായി സി.ഐ.ടി.യുവും സ്വതന്ത്ര തൊഴിലാളി യൂനിയനും കരിദിനമാചരിച്ചു.
സ്കൂൾ ഉടമകളും ജീവനക്കാരും പങ്കെടുത്തു. തിരുമാനം കോവിഡ് 19 മൂലമെന്ന് പറഞ്ഞ് ടെസ്റ്റുകൾ വെട്ടിക്കുറച്ച വിചിത്ര ഉത്തരവാണ് പലേടത്തും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. ഗ്രൗണ്ടുകളിൽ കറുത്ത കൊടി കെട്ടി. വെള്ളരിക്കുണ്ടിൽ കെ.എൽ 79 ഡ്രൈവിങ് സ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് പുലിയംകുളം ആർ.ടി. ഒ ഗ്രൗണ്ടിൽ ഡ്രൈവിങ് ടെസ്റ്റ് തടഞ്ഞു പ്രതിഷേധിച്ചു.
തുടർന്ന് പ്രതിഷേധ പ്രകടനം നടത്തി. കൂട്ടായ്മയുടെ പ്രസിഡന്റ് സന്തോഷ് സൗമ്യ സമരം ഉദ്ഘാടനം ചെയ്തു. ജനവിരുദ്ധമായ സർക്കുലർ പിൻവലിക്കുംവരെ സമരം തുടരുമെന്നും ഡ്രൈവിങ് ടെസ്റ്റ് തടയുമെന്നും സംഘടനകൾ അറിയിച്ചു. കൂട്ടായ്മ സെക്രട്ടറി എൻ.സി.ടി. നാരായണൻ അധ്യക്ഷത വഹിച്ചു.
മോഹനൻ, പ്രസന്ന എന്നിവർ സംസാരിച്ചു. കെ.എൽ 79 പരിധിയിലെ മുഴുവൻ ഡ്രൈവിങ് സ്കൂൾ പ്രതിനിധികളും സമരത്തിൽ പങ്കെടുത്തു. ഡ്രൈവിങ് ടെസ്റ്റ് തടഞ്ഞതോടെ പങ്കെടുക്കാനെത്തിയ 30ഓളം പേർ തിരിച്ചുപോയി. വരും ദിവസങ്ങളിലും പുലിയംകുളം ടെസ്റ്റിങ് ഗ്രൗണ്ടിൽ ശക്തമായ സമരം തുടരുമെന്നും ഡ്രൈവിങ് സ്കൂൾ പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.