പരിമിതികളിൽ വീർപ്പുമുട്ടി പുതിയ കോട്ടയിലെ ഗവ. നഴ്സിങ് സ്കൂൾ
text_fieldsകാഞ്ഞങ്ങാട്: പുതിയ കോട്ടയിലെ ഗവ. നഴ്സിങ് സ്കൂൾ പരിമിതികളിൽ വലഞ്ഞു. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചത് മൂലം നൂറോളം വിദ്യാർഥിനികളാണ് ദുരിതം അനുഭവിച്ചത്. 1975ൽ പണിത പഴയ ജില്ല ആശുപത്രി കെട്ടിടത്തിലാണ് നഴ്സിങ് സ്കൂൾ.
കാലപ്പഴക്കം മൂലം മെയിൻ സ്ലാബടക്കം അടർന്ന് വീണ് അപകടാവസ്ഥയിലാണ്. കാസർകോട് ഡെവലപ്മെന്റ് പാക്കേജിൽ കെട്ടിടം പെട്ടെന്ന് പണിയണമെന്നാണ് ആവശ്യം. ഏപ്രിൽ, മേയ് മാസങ്ങളിൽ വെള്ളത്തിനുള്ള ക്ഷാമം രൂക്ഷമാകാറുണ്ട്. കുഴൽക്കിണർ കുഴിച്ചാൽ വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാമെങ്കിലും നടപടി ഇല്ല. വിശ്രമിക്കാനും ബാത്ത് റൂം സൗകര്യങ്ങളും കാലഹരണപ്പെട്ടതാണ്.
സ്ഥാപനത്തിന്റെ 1.32 ഏക്കറിൽ 32 സെന്റ് ഭൂമി റീസർവേയിൽ നഷ്ടമായിട്ടുണ്ട്. ഇത് തിരിച്ച് കിട്ടണം. ആരോഗ്യ വകുപ്പിന്റെ ഒട്ടേറെ പഴയ വാഹനങ്ങൾ അടുത്തിടെ ഇവിടെ പച്ചക്കറിത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലാണ്. കാലക്രമേണ ഇവിടെ കാട് വളർന്ന് വിദ്യാർഥിനികളുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന് ഭയക്കുന്നു. ഇത് നീക്കി ഇവിടെ പുതിയ കെട്ടിടം പണിയണമെന്നാണ് ആവശ്യം.
2004ൽ തുടങ്ങിയ സ്ഥാപനത്തിൽ നിന്ന് 21 ബാച്ചാണ് പഠിച്ചിറങ്ങിയത്. കുട്ടികൾക്കുള്ള പ്രതിമാസ സ്റ്റൈഫന്റ് 700 രൂപയാണ് ഇത് കൂട്ടണമെന്നും ആൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം വേണമെന്നും ഇവർ പറയുന്നു. രണ്ട് വർഷം പോസ്റ്റിങ് കിട്ടാനുള്ള ബോണ്ടും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
ജില്ല ആശുപത്രികളിലേക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ വ്യാപകമായി വരുന്നതും ഇവരെ ബാധിക്കുന്നുണ്ട്. നഴ്സിങ് ടീച്ചർമാരുടെ ഒഴിവുള്ളത് പരിഹരിക്കാനായിട്ടില്ല. ചെമ്മട്ടം വയലിൽ ജില്ല ആശുപത്രി മാറിയതിനു ശേഷം നഴ്സിങ് സ്കൂൾ ഇത് വരെയും പഴയ ആശുപത്രി കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.