ഉറക്കമൊഴിച്ച് കാത്തുനിന്ന് മൊയ്തു; സുഗന്ധം പരത്തി നിശാഗന്ധി പൂക്കൾ
text_fieldsകാഞ്ഞങ്ങാട്: നിശാഗന്ധി പൂത്തുലയുന്നത് കാണാൻ അർധരാത്രിവരെ കാത്തുനിന്ന് മൊയ്തു ഹാജി. അജാനൂർ കൊളവയലിലെ സാമൂഹിക പ്രവർത്തകൻ സുറൂർ മൊയ്തു ഹാജിയുടെ വീട്ടിലാണ് നിശാഗന്ധി പൂക്കൾ പൂത്തത്.
അത് കാമറയിൽ പകർത്തുകയും ചെയ്തു. നിശയുടെ റാണി അഥവ രാത്രിയുടെ റാണി എന്നറിയപ്പെടുന്ന നിശാഗന്ധിപ്പൂക്കള്‍ക്ക് വെള്ള നിറമാണ്. കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈചെടി അനന്തശയനം എന്ന പേരിലാണ് മലബാർ ഭാഗങ്ങളിലും മറ്റും അറിയപ്പെടുന്നത്. ഇംഗ്ലീഷുകാർ ഈചെടിയെ 'ഡച്ച്‌മാൻസ് പൈപ്പ്', 'ക്യൂൻ ഓഫ് ദ നൈറ്റ്' തുടങ്ങിയ പേരുകളാൽ വിശേഷിപ്പിക്കാറുണ്ട്. നറുമണം പൊഴിക്കുന്ന ശുഭ്ര വർണത്തിലുള്ള പുഷ്പങ്ങൾ ഈ ചെടിയുടെ പ്രത്യേകതയാണ്. ഇലകൾ പ്രത്യക്ഷമായി കാണാത്ത ചെടിയാണ് നിശാഗന്ധി. വർഷത്തിൽ ഒരു പ്രത്യേക കാലത്ത് ചെടിയിൽ പൂമൊട്ടുകൾ പ്രത്യക്ഷപ്പെടുന്നു.
ഇലയുടെ അറ്റങ്ങളില്‍ രൂപം കൊള്ളുന്ന പൂമൊട്ടുകള്‍ ഏകദേശം 20 ദിവസങ്ങള്‍കൊണ്ട് വിരിയും. സാധാരണ പൂക്കളെക്കാള്‍ ദൈര്‍ഘ്യമേറിയതും ഏകദേശം നാലു സെമീ നീളമുള്ളതുമാണ് നിശാഗന്ധിപ്പൂക്കള്‍.
പൂർണമായി വിടരാൻ അർധരാത്രിയാവുന്ന നിശാഗന്ധി പൂക്കൾക്ക് വിടരുമ്പോൾ സുഗന്ധം ഉണ്ടാവും. ഓരോ ഇതളുകള്‍ വിരിയുന്നതിനനുസരിച്ച് പൂക്കളുടെ സുഗന്ധം നാലുപാടും വ്യാപിക്കും. ഏറെ ദൂരം സുഗന്ധം ചെന്നെത്തുമെങ്കിലും ഈ പൂക്കള്‍ക്ക് ഒരു രാത്രി മാത്രമേ ആയുസ്സുള്ളു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.