മഴക്കെടുതി; നിരവധി വീടുകൾ തകർന്നു
text_fieldsകാഞ്ഞങ്ങാട്: വേനൽമഴയിലും മിന്നലിലും കാറ്റിലും വ്യാപക നാശം. രണ്ടുവീടുകൾക്ക് മിന്നലേറ്റു. ആളപായമില്ല. കഴിഞ്ഞദിവസം രാത്രി അനുഭവപ്പെട്ട ശക്തമായ മിന്നലിലാണ് വീടിന് നാശമുണ്ടായത്. വീടിന്റെ ചുമർ വിണ്ടുകീറി. കോടോത്തെ കാരിച്ചിയുടെയും കരിന്തളം പാലാത്തടം ഷൈജ തോമസിന്റെ വീടിനുമാണ് മിന്നലേറ്റത്. ഭീമനടി പുല്ലുമലയിലെ പത്മിനിയുടെ കിണറിടിഞ്ഞു. വെള്ളരിക്കുണ്ട് താലൂക്കിൽ കഴിഞ്ഞദിവസം മാത്രം ആറു വീടുകൾ ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല.
പലയിടത്തും മതിലുകൾ ഇടിഞ്ഞുവീണു. മണ്ണിടിച്ചിലും വ്യാപകമാണ്. മിന്നൽ പല ഭാഗങ്ങളിലും വലിയ നാശമുണ്ടാക്കി. രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും അതിയാമ്പൂർ- കാലിക്കടവ് റോഡിൽ വൻമരം കടപുഴകി. മറിഞ്ഞുവീണ മരത്തിന്റെ ശിഖരം വൈദ്യുതി ലൈനിൽ വീണിരുന്നു. കെ.എസ്.ഇ.ബി അധികൃതരും കാലിക്കടവ് ഫ്രൻഡ്സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പൊട്ടിവീണ മരം മുറിച്ചുമാറ്റി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിച്ചു.
അതിയാമ്പൂർ ശോഭയുടെ വീട്ടുപറമ്പിലെ മരമാണ് പൊട്ടിവീണത്. നൽകി. ചാമുണ്ഡിക്കുന്നിലെ അശോകന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാണു. മുക്കൂടിലെ ഭാസ്കരന്റെ വീടിന്റെ ഒരുഭാഗം തകർന്നു. രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും നെല്ലിക്കാട്ട് മാങ്ങോട്ട് കെ. യമുനയുടെ, ലൈഫ് ഭവനപദ്ധതിയിൽ നിർമിക്കുന്ന വീടിനോടുചേർന്നുള്ള മതിൽ പൂർണമായും തകർന്നു. വീടിനുകേടുപാടുകൾ സംഭവിച്ചു.
തൊട്ടടുത്ത ബി.എം. കൃഷ്ണന്റെ തെങ്ങ്, കവുങ്ങുകൾ, കാർഷികവിഭവങ്ങൾ എന്നിവയും നശിച്ചു. യമുനക്ക് ലക്ഷം രൂപയുടെയും കൃഷ്ണന് 50,000 രൂപയുടെയും നഷ്ടമുണ്ടായി. കൊവ്വൽപള്ളിയിലെ ജലീലിന്റെ വീട്ടുമതിൽ തകർന്നു. ഈഭാഗത്ത് നിരവധി മതിലുകൾ തകർന്നിട്ടുണ്ട്.
കിണർ ഇടിഞ്ഞു; കുടിവെള്ളം മുട്ടി
മൊഗ്രാൽ: ഒരാഴ്ചയായി പെയ്യുന്ന വേനൽമഴയിൽ മൊഗ്രാലിൽ കിണർ ഇടിഞ്ഞ് കുടിവെള്ളം തടസ്സപ്പെട്ടു. കിണറിനടുത്തുള്ള അടുക്കളയുടെ ഒരുഭാഗവും തകർന്നിട്ടുണ്ട്. മൊഗ്രാൽ മീലാദ് നഗറിന് സമീപത്തെ മൊഗ്രാൽ ദേശീയവേദി ജോ. സെക്രട്ടറി ബി.എ. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ കിണറും അടുക്കളയുമാണ് ശക്തമായി പെയ്ത മഴയിൽ തകർന്നത്.
സംഭവം രാത്രിയായതിനാൽ ആളപായമില്ല. കുട്ടികൾ കളിക്കുന്ന സ്ഥലത്തായിരുന്നു കിണർ. ഏകദേശം 50,000 രൂപയുടെ നഷ്ടമുണ്ടായതായി മുഹമ്മദ് കുഞ്ഞി പറഞ്ഞു.
മിന്നൽ; ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു
ബദിയടുക്ക: വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ മിന്നലിലും കാറ്റിലും ഓടിട്ട മേൽക്കൂരയുള്ള വീടിന് കേടുപാട് സംഭവിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. ബദിയടുക്ക പഞ്ചായത്തിലെ ബേള വില്ലേജിൽപെടുന്ന പുതുക്കോളിലെ ആനന്ദന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.ലക്ഷത്തോളം രൂപയുടെ നാശം കണക്കാക്കുന്നതായി വില്ലേജ് ഓഫിസിൽ നൽകിയ പരാതിയിൽ പറയുന്നു.
ജാഗ്രതാ നിർദേശങ്ങൾ
കാസർകോട്: ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞുവീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരുകാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
- വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം.
- അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുയിടങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളെ അറിയിക്കുക. ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, വൈദ്യുതിത്തൂണുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായരീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചുവെക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിന്റെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത്.
- ചുമരിലോ മറ്റോ ചാരിവെച്ചിട്ടുള്ള കോണിപോലെയുള്ള കാറ്റിൽ വീണുപോകാൻ സാധ്യതയുള്ള ഉപകരണങ്ങളും മറ്റ് വസ്തുക്കളും കയറുപയോഗിച്ച് കെട്ടിവെക്കേണ്ടതാണ്.
- കാറ്റ് വീശിത്തുടങ്ങുമ്പോൾതന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം. ജനലുകളുടെയും വാതിലുകളുടെയും സമീപത്തും വീടിന്റെ ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക.
- ഓലമേഞ്ഞതോ ഷീറ്റ് പാകിയതോ അടച്ചുറപ്പില്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി (1077 എന്ന നമ്പറിൽ) മുൻകൂട്ടിതന്നെ ബന്ധപ്പെടുകയും മുന്നറിയിപ്പുവരുന്ന ഘട്ടങ്ങളിൽ അവർ ആവശ്യപ്പെടുന്നമുറക്ക് സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതുമാണ്.
- കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതിക്കമ്പികളും തൂണുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽപെട്ടാൽ ഉടൻ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക. തകരാര് പരിഹരിക്കുന്ന പ്രവൃത്തികൾ കാറ്റ് തുടരുന്ന ഘട്ടത്തിൽ ഒഴിവാക്കുകയും കാറ്റും മഴയും അവസാനിച്ചശേഷം മാത്രം നടത്തുകയും ചെയ്യുക.
- കെ.എസ്.ഇ.ബി ജീവനക്കാരുമായി പൊതുജനങ്ങൾ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ പ്രവൃത്തി ചെയ്യരുത്.
- പാൽ-പത്രം, അതിരാവിലെ ജോലിക്കിറങ്ങുന്നവർ പ്രത്യേക ജാഗ്രതപാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.
- കൃഷിയിടങ്ങളിൽ കൂടി കടന്നുപോകുന്ന വൈദ്യുതി ലൈനുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുക.
- നിർമാണ ജോലികളിൽ ഏർപ്പെടുന്നവർ കാറ്റും മഴയും ശക്തമാകുമ്പോൾ ജോലിനിർത്തി സുരക്ഷിതമായ ഇടത്തേക്ക് മാറിനിൽക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.