ജനവികാരത്തെ ഒപ്പം നിർത്താൻ ഉണ്ണിത്താൻ എം.പിയുടെ നിരാഹാരം
text_fieldsകാഞ്ഞങ്ങാട്: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലപാതക കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ നടത്തിയ അനിശ്ചിതകാല സത്യഗ്രഹസമരം വൻ വിജയമായ പശ്ചാത്തലം കണക്കിലെടുത്ത്, കാസർകോട് ജില്ലയുടെ നീറുന്ന ആരോഗ്യപ്രശ്നം ഉയർത്തിക്കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ നിരാഹാരസമര പ്രഖ്യാപനം ജനവികാരത്തെ ഒപ്പം നിർത്താൻ.
ചട്ടഞ്ചാലിനടുത്ത് തെക്കിൽ ഗ്രാമത്തിൽ ടാറ്റ നിർമിച്ചുനൽകിയ ടാറ്റ കോവിഡ് ആശുപത്രിയെ നോക്കുകുത്തിയാക്കി ചെമ്മട്ടംവയലിലെ ജില്ല ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയതോടെ ജില്ലയിലെ ഭൂരിഭാഗം ആളുകളും ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് കോവിഡ് ആശുപത്രി ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി മരണം വരെ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുള്ളത്. നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ നിരാഹാരസമരം ആരംഭിക്കുമെന്നാണ് പ്രഖ്യാപനം.
നിരാഹാര സമരം വൻ വിജയമാക്കാനുള്ള ഒരുക്കങ്ങളും കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്നുണ്ട്. കെ.പി.സി.സി നേതൃനിരയിലേക്ക് ജില്ലയിൽ നിന്ന് പുതുതായി വന്ന സെക്രട്ടറിമാരായ സി. ബാലകൃഷ്ണൻ പെരിയയുടെയും എം. അസിനാറിെൻറയും ഡി.സി.സി സെക്രട്ടറി വിനോദ്കുമാർ പള്ളയിൽവീടിെൻറയും നേതൃത്വത്തിലാണ് സമരപരിപാടികളുടെ ആസൂത്രണം നടക്കുന്നത്. കല്യോട്ട് കൊലപാതക കേസ് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടും രാജ്മോഹൻ ഉണ്ണിത്താൻ എം.പി നിരാഹാരസമരം നടത്തിയിരുന്നു.
കല്യോട്ടെ പൊതുസമുഹത്തിെൻറയാകെ പിന്തുണ ലഭിച്ച സമരം വിജയമായിരുന്നു. നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാർ കോവിഡ് ആശുപത്രി പ്രവർത്തനസജ്ജമാക്കിയാൽ അതും ഉണ്ണിത്താെൻറ പേരിലാവും. എം.പിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനമാണ് നിർജീവമായ കോവിഡ് ആശുപത്രിക്ക് ജീവൻ വെപ്പിച്ചതെന്ന പ്രചാരണവും യു.ഡി.എഫ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉയർത്തിക്കൊണ്ടുവരും.
മരണംവരെ നിരാഹാര സമരം- ഉണ്ണിത്താൻ എം.പി
കാഞ്ഞങ്ങാട്: തെക്കിൽ ഗ്രാമത്തിൽ നിർമിച്ച ടാറ്റ ആശുപത്രി പ്രവർത്തനക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണംവരെ നിരാഹാര സമരം നടത്തുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പ്രഖ്യാപിച്ചു.
കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ സമരം തുടങ്ങുമെന്ന് എം.പി കാഞ്ഞങ്ങാട്ട് വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈൻ വഴി സമരം ഉദ്ഘാടനം ചെയ്യും.
കാസർകോടിെൻറ ആരോഗ്യ മേഖലയിലേക്ക് സർക്കാർ ശ്രദ്ധ പതിയാൻ വേണ്ടി ജീവൻ ബലിദാനം ചെയ്യും. കെ.പി.സി.സി സെക്രട്ടറിമാരായ എം. അസിനാർ, സി.ബാലകൃഷ്ണൻ പെരിയ, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽവീട് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.