തിരക്കിലേക്കുണർന്ന് പെരുന്നാൾ വിപണി
text_fieldsകാഞ്ഞങ്ങാട്: രണ്ടുവര്‍ഷം നീണ്ട കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും താൽക്കാലികമായി നീങ്ങിയതോടെ പെരുന്നാൾ വ്യാപാര മേഖല സജീവമായി. കഴിഞ്ഞ വര്‍ഷങ്ങളിൽ ഓണവും പെരുന്നാളും ക്രിസ്മസും വിഷുവും എല്ലാം മാറ്റിവെച്ച വ്യാപാരികള്‍ ഏറെ പ്രതീക്ഷയോടെയാണ് പെരുന്നാളിനെ നോക്കിക്കാണുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍മൂലം ഏറെ നഷ്ടം സഹിക്കേണ്ടിവന്ന വസ്ത്രവ്യാപാരികൾ സീസണ് കച്ചവടത്തിൽ തിരിച്ചുവരവിന്റെ ആശ്വാസത്തിലാണ്. മാസങ്ങൾ അടഞ്ഞുകിടക്കേണ്ടിവരുകയും തുടർച്ചയായി രണ്ടുവർഷം പ്രധാന സീസണ് കച്ചവടങ്ങള്‍ നഷ്ടമാവുകയും ചെയ്തതോടെ പലര്‍ക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. എന്നാൽ, അതൊക്കെ മാറി പെരുന്നാൾ വസ്ത്ര വിപണിയുടെയും മറ്റു തിരക്കിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.
ഫെബ്രുവരിയിൽ സാധനങ്ങൾ ഇറക്കി
കോവിഡ് നിയന്ത്രണങ്ങൾ പോയതോടെ ആളുകൾ കൂട്ടത്തോടെ വസ്ത്രങ്ങൾ വാങ്ങിക്കാനായി നഗരത്തിൽ എത്തിത്തുടങ്ങി. വിഷു, പെരുന്നാൾ വിപണിയിലേക്കായി ഫെബ്രുവരി അവസാനം തന്നെ സാധനങ്ങൾ കടയിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രധാനമായും കോയമ്പത്തൂർ, മുംബൈ, ബംഗളൂരു, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നാണ് സാധനങ്ങൾ മൊത്തമായും വാങ്ങിയത്. പെരുന്നാൾ വിപണി കഴിഞ്ഞാൽ സ്കൂൾ യൂനിഫോം വിപണിയാണ്. പിന്നെ ബലിപെരുന്നാൾ, ഓണം സീസണിലുമാണ് പ്രതീക്ഷ.
പെരുന്നാളിനു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നഗരങ്ങളിലെ വിപണികളിൽ രാത്രിയിലും തിരക്കായി. നോമ്പുതുറന്ന് പ്രാർഥനക്കുശേഷം വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങാനായി കുടുംബസമേതം നഗരങ്ങളിൽ എത്തുന്നവരുടെ എണ്ണം ദിവസവും കൂടുന്നതു വ്യാപാരികൾക്ക് വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
നഷ്ടവഴിയിൽ രണ്ടുവർഷം
വസ്ത്രം, ചെരിപ്പ്, ഫാന്‍സി, മറ്റു അലങ്കാര വസ്തുക്കള്‍ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങള്‍ക്കെല്ലാം രണ്ടുവര്‍ഷമായി നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ് നിരത്താനുള്ളത്. ഭീമമായ വാടകയും വൈദ്യുതി ബില്ലും ലോണ്‍ അടക്കമുള്ള ബാധ്യതയും താങ്ങാന്‍ കഴിയാതെ വന്നതോടെ കിട്ടിയ വിലക്ക് സ്ഥാപനം വില്പന നടത്തിയും കെട്ടിട ഉടമകള്‍ക്ക് സ്ഥാപനം ഒഴിഞ്ഞുകൊടുത്തും പലരും തെരുവോര കച്ചവടങ്ങളിലേക്ക് തിരിഞ്ഞു. ഇത്തവണ വലിയ സ്വപ്നങ്ങള്‍ കണ്ടാണ് പലരും സീസണ് കച്ചവടത്തിനായി സ്റ്റോക്ക് എത്തിച്ചിരിക്കുന്നത്.
പുതിയ മോഡലുകൾ, നേരിയ വില വർധന
മുൻവർഷങ്ങളെ അപേക്ഷിച്ച് പുത്തൻ മോഡൽ വസ്ത്രങ്ങൾ എല്ലാം കടകളിലും നിറഞ്ഞിരിക്കുകയാണ്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റംകൊണ്ട് ചില വസ്ത്രങ്ങൾക്ക് ചെറിയ രീതിയിൽ വില വർധിച്ചു. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമിടയിൽ വിദേശ മാതൃകകൾക്കാണ് ആവശ്യക്കാരേറെ.
മുൻവർഷങ്ങളെ അപേക്ഷിച്ച് വസ്ത്രങ്ങൾക്കു വില കുറവാണെന്ന് വ്യാപാരികൾ പറയുന്നു. സാമ്പത്തിക മാന്ദ്യം ഏറെയുണ്ടെങ്കിലും സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള വസ്ത്രങ്ങൾ വിപണിയിൽ യഥേഷ്ടമുണ്ട്. അതിനാൽ പെരുന്നാൾ വിപണിയിൽ മുൻവർഷത്തെ അപേക്ഷിച്ച് പൊടിപാറിയ കച്ചവടമാണിപ്പോൾ.
വളരെ സന്തോഷത്തോടുകൂടിയാണ് ആഘോഷ രാവുകളെ സ്വീകരിക്കുന്നത്. രണ്ടുവർഷത്തെ നഷ്ടപ്പെടലുകളെക്കുറിച്ച് ഓർക്കുന്നേയില്ല. വസ്ത്ര വിപണന രംഗത്തെ പുതിയ പുതിയ കലക്ഷനുകൾ മാന്യമായ വിലയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്. നല്ല നല്ല പാക്കേജുകൾ ഉപഭോക്താക്കൾക്ക് നൽകാൻ കഴിയുന്നതിൽ സന്തോഷം.
എൽ.എം. ദാവൂദ് (ജനറൽ മാനേജർ, ശോഭിക വെഡിങ്)
കോവിഡ് നിയന്ത്രണം അവസാനിച്ചതോടെ ഉപഭോക്താക്കൾ കടയിലേക്ക് ധാരാളമായി വരുന്നുണ്ട്. മാന്യമായ വിലയിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾതന്നെ നൽകാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. കഴിഞ്ഞ രണ്ടുവർഷം ഒരുപാട് നഷ്ടങ്ങളുണ്ടായി.
പി.എം. ഹസൻ അഷ്റഫ് (ഫാബ്രിക്സ് കടയുടമ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.