റേഷൻ മസ്റ്ററിങ്: ആയിരങ്ങൾ പുറത്ത്
text_fieldsകാഞ്ഞങ്ങാട്: റേഷൻ കാർഡ് മസ്റ്ററിങ് സമയം ചൊവ്വാഴ്ച വൈകീട്ടോടെ അവസാനിച്ചപ്പോൾ ജില്ലയിൽ പതിനായിരങ്ങൾ പുറത്തുതന്നെ. ഇന്നലെ അവസാന നിമിഷം കാഞ്ഞങ്ങാട് ജില്ല ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി രോഗികളെ ചേർത്തു. ജില്ല സപ്ലൈ ഓഫിസർ കെ.എൻ. ബിന്ദുവിന്റെ നിർദേശപ്രകാരമായിരുന്നു ഇത്. യതീംഖാനകളിലും മറ്റ് അഗതി മന്ദിരങ്ങളിലും ഉദ്യോഗസ്ഥരെത്തി ആളുകളെ ചേർത്തു. ഗൾഫിലുള്ളവർ ഉൾപ്പെടെ ആയിരങ്ങൾ ഇനിയും ചേരാൻ ബാക്കിയുണ്ട്. എ.എ.വൈയിൽ 1,22,784 പേരും പി.എച്ച്.എച്ചിൽ 4,97,428 പേരും ഉൾപ്പെടേണ്ടതുണ്ട്. അവസാന കണക്ക് പ്രകാരം എ.എ.വൈയിലുള്ള കാർഡിൽ 96,589 പേരും (78.6 ശതമാനം) പി.എച്ച്.എച്ചിൽ 3,64,958 പേരുമാണ് (73.4 ശതമാനം) അംഗങ്ങളായത്. ആകെ 4,61,547 (74.4 ശതമാനം) പേർ. കണക്ക് പ്രകാരം നാലിൽ മൂന്ന് ശതമാനത്തോളം പേർ മാത്രമാണ് അംഗങ്ങളായത്.
മൂന്ന് ഘട്ടമായായിരുന്നു റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയത്. റേഷൻ കാർഡിൽ പേരുള്ള മുഴുവൻ ആളുകളും മസ്റ്ററിങ് പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്ര നിർദേശം. മസ്റ്ററിങ് പൂർത്തിയാക്കിയില്ലെങ്കിൽ അരി നൽകില്ലെന്നാണ് കേന്ദ്രത്തിന്റെ അന്ത്യശാസനം. ഒക്ടോബർ 31 വരെ കേന്ദ്രം സമയം നൽകിയിരുന്നെങ്കിലും പരമാവധി വേഗം തീർക്കാൻ വേണ്ടിയിട്ടുള്ള ക്രമീകരണമാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്. സമയം നീട്ടിയില്ലെങ്കിൽ പതിനായിരങ്ങൾക്ക് റേഷൻ ലഭിക്കില്ല.
രാത്രി വൈകിയും കാത്തുനിന്ന് കാർഡ് ഉടമകൾ
മൊഗ്രാൽ: മുൻഗണന റേഷൻ കാർഡ് ഉടമകൾ ഒക്ടോബർ എട്ടിനുമുമ്പ് മസ്റ്ററിങ് പൂർത്തിയാക്കണമെന്ന കേന്ദ്ര നിർദേശത്തിൽ വലഞ്ഞ് കാർഡുടമകൾ. ജില്ലയിലെ മിക്ക പൊതുവിതരണ കേന്ദ്രങ്ങളിലും രാത്രി വൈകിയും നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.
സ്കൂൾ കുട്ടികളെയും മറ്റും മസ്റ്ററിങ്ങിന് ഹാജരാക്കേണ്ടത് കാർഡുടമകൾക്ക് ഏറെ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. മണിക്കൂറുകളോളമാണ് വീട്ടമ്മമാർ റേഷൻ കടകളിൽ മസ്റ്ററിങ്ങിനായി കാത്തുനിൽക്കേണ്ടിവരുന്നത്. ചെറിയ നൂലാമാലകളിൽ കടുംപിടിത്തം പാടില്ലെന്ന് ഭക്ഷ്യവകുപ്പ് പറയുമ്പോഴും അത് അംഗീകരിക്കാൻ റേഷൻ കടയുടമകൾക്ക് കഴിയുന്നുമില്ല.
ഒന്നുമുതൽ അഞ്ചു വയസ്സുവരെ കാലയളവിൽ ഉണ്ടാക്കിയ ആധാർ കാർഡുകൾ വിദ്യാർഥികൾക്ക് മസ്റ്ററിങ്ങിനായി ഉപയോഗപ്പെടുത്താൻ കഴിയാത്തതും അവരുടെ ആധാർ കാർഡുകൾ പുതുക്കിനൽകേണ്ടിവരുന്നതും ദുരിതത്തിന് കാരണമായിട്ടുണ്ട്. മുൻഗണന റേഷൻ കാർഡുകൾ ഇനിയും ബാക്കിനിൽക്കെ ഇന്ന് മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയില്ലെന്ന് റേഷൻ ഉടമകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മസ്റ്ററിങ് സമയം നീട്ടിനൽകണമെന്നാണ് കാർഡുടമകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.