മായാത്ത അക്ഷരബന്ധം; രത്നമ്മ ടീച്ചറെ തേടി കാതങ്ങൾ താണ്ടി ശിഷ്യർ
text_fieldsകാഞ്ഞങ്ങാട്: മൂന്നരപ്പതിറ്റാണ്ടിലും മായാത്ത അക്ഷര മാധുര്യത്തിന്റെ ഓർമയിൽ ശിഷ്യർ തങ്ങളുടെ ഗുരുനാഥയെത്തേടി കാസർകോട്ടെ ഗ്രാമത്തിൽനിന്ന് കാതങ്ങൾ താണ്ടി ഓച്ചിറയിലെത്തി. രാവണീശ്വരം ഗവ. ഹയർസെക്കൻഡറി സ്കൂൾ 1986-87 എസ്.എസ്.സി ബാച്ചാണ് മൂന്നര പതിറ്റാണ്ടുമുമ്പ് തങ്ങളെ വിദ്യയഭ്യസിപ്പിച്ച രത്നമ്മ ടീച്ചറെ തേടി കൊല്ലം ഓച്ചിറ ആലുംപീടികയിൽ എത്തിയത്.
കേരള വിദ്യാഭ്യാസ ചരിത്രത്തിൽ ‘എൽ’ ഇല്ലാത്ത പത്താം ക്ലാസായ എസ്.എസ്.സിക്കാരുടെ കാലത്താണ് ആലപ്പുഴയിൽനിന്നുള്ള രത്നമ്മ രാവണീശ്വരത്ത് പഠിപ്പിക്കാനെത്തിയത്. ഏറെ കുഗ്രാമമായിരുന്ന രാവണീശ്വരത്ത് പഠിപ്പിക്കാനെത്തിയ അധ്യാപകരെല്ലാം വേഗത്തിൽ സ്ഥലംമാറ്റം വാങ്ങി പോയപ്പോൾ 10 വർഷത്തിലേറെ ടീച്ചർ വിദ്യാർഥികളുടെ ഹൃദയംകവർന്ന് സ്കൂളിൽ തുടർന്നു. ഇപ്പോൾ 73 തികഞ്ഞ് വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന രത്മമ്മ ടീച്ചർക്ക് ശാരീരിക അവശതകളുണ്ട്. സ്കൂൾ കൂട്ടായ്മയുടെ ഗ്രൂപ്പിൽ ഒത്തുചേരൽ ചർച്ചയുയർന്നപ്പോൾ ലോക സാക്ഷരത ദിനാചരണത്തിന്റെ ഭാഗമായി ടീച്ചറെ സന്ദർശിച്ച് ആദരിക്കാമെന്ന നിർദേശമാണ് കഴിഞ്ഞ ദിവസം സഫലമായത്.
ടീച്ചർ പഠിപ്പിച്ച 44 വിദ്യാർഥികളിൽ 14 വീതം പൂർവ വിദ്യാർഥിനികളും വിദ്യാർഥികളും ഓച്ചിറക്ക് പുറപ്പെടുകയായിരുന്നു. രത്നമ്മ ടീച്ചറും മക്കളായ മനോഷ്, രാജേഷ് എന്നിവരും കുടുംബാംഗങ്ങളും ഇവരെ ആവേശത്തോടെ സ്വീകരിച്ചു. അവിടെ ടീച്ചറുടെ വീട്ടുമുറ്റത്ത് പന്തലുയർത്തി ആ ‘പഴയ’ വിദ്യാർഥികൾ ടീച്ചറെ ആദരിച്ചു. അവശതയിലും രാവണീശ്വരം ഓർമകൾ അണമുറിയാതെ ടീച്ചർ പങ്കുവെച്ചു. ബാച്ചിന്റെ ഉപഹാരം ടി. ലോഹിതാക്ഷൻ ടീച്ചർക്ക് സമ്മാനിച്ചു. ടീച്ചറുടെ ശിഷ്യൻ ശ്രീധരന്റെ മകൻ, തലശ്ശേരി കാൻസർ കെയർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന കെ.എ. ശ്രീനാഥ് വരച്ച രത്നമ്മ ടീച്ചറുടെ ചിത്രം കരുണാകരൻ കുന്നത്ത് സമ്മാനിച്ചു. രവീന്ദ്രൻ രാവണേശ്വരം പൊന്നാടയണിയിച്ചു.
എ.വി. പവിത്രൻ, വി. രഘു വാസുപിള്ള, വി. രത്നമണി, ജമാഅത്ത് പ്രസിഡന്റ് എ. രജി അസീസ്, ജമാഅത്ത് വൈസ് പ്രസിഡന്റ് ബിജു ബഷീർ, ശാരി അനൂപ്, ശാലി മഹേഷ്, ഡോ. ശ്രീപാർവതി എന്നിവർ സംസാരിച്ചു. കരുണാകരൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. വി. സുഭാഷ് പ്രാർഥന നടത്തി. ടി.വി. നിർമല സ്വാഗതവും വി. മനോഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.