രേഷ്മയുടെ തിരോധാനം: ബിജു പൗലോസിനെ വീണ്ടും ചോദ്യം ചെയ്യും
text_fieldsകാഞ്ഞങ്ങാട് : 13 കൊല്ലമായിട്ടും തുമ്പില്ലാതെ എണ്ണപ്പാറ മൊയോലം കോളനിയിലെ എം.സി. രേഷ്മമ എന്ന ആദിവാസി പെൺകുട്ടിയുടെ തിരോധാന കേസിൽ വീണ്ടും അന്വേഷണം. ബേക്കൽ ഡിവൈ.എസ്. പി സി.കെ. സുനിൽകുമാറിന്റെ നേത്യത്വത്തിലാണ് വീണ്ടും അന്വേഷണം തുടരുന്നത്. കേസിൽ ആരോപണ വിധേയനായ പാണത്തൂർ ബാപ്പുകയത്തെ ബിജു പൗലോസിനെ വീണ്ടും ചോദ്യം ചെയ്യുന്നു.
രേഷ്മ തിരോധാനക്കേസ് നാളുകളായി കേരള ഹൈകോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്. നുണപരിശോധനക്ക് പൊലീസ് ശ്രമം നടത്തിയിരുന്നെങ്കിലും ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ബിജു പൗലോസ് ഇതിനെ എതിർത്തതിനാൽ നടന്നില്ല. രേഷ്മയുടേതെന്ന് സംശയിക്കുന്ന ചോറ്റ് പാത്രം ബിജു പൗലോസിന്റെ വീട്ടിൽനിന്ന് പൊലീസ് രണ്ട് വർഷം മുൻപ് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്കയച്ചിരുന്നെങ്കിലും പരിശോധന റിപോർട്ട് പുറത്ത് വന്നില്ല.
കോടതിയിൽനിന്ന് പലപ്പോഴും ബിജു പൗലോസ് അനുകൂല വിധി നേടുന്നതും പൊലീസ് അന്വേഷണത്തിന് തടസ്സമുണ്ടാക്കി. ഹൈകോടതിയിൽനിന്നും പ്രമുഖ ക്രിമിനൽ അഭിഭാഷകരെയെത്തിച്ചാണ് ബിജു പൗലോസ് പൊലീസ് നീക്കത്തിന് തടയിടുന്നത്. നിരവധി തവണ അയാളെ ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തു. രേഷ്മയുടെ തിരോധാനത്തിന് പിന്നിൽ പൊലീസ് ബിജു പൗലോസിനെ ബലമായി സംശയിക്കുമ്പോഴും അറസ്റ്റ് ഉൾപ്പെടെ നടപടിയിലേക്ക് കടക്കാൻ തക്ക തെളിവ് ശേഖരിക്കാനും രേഷ്മ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കാനുള്ള തെളിവും പൊലീസിന്റെ പക്കലില്ല.
അമ്പലത്തറ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം ഗൗനിച്ചിരുന്നില്ല. പിന്നീട് ആദിവാസി സംഘടനകൾ പ്രക്ഷോഭവുമായി രംഗത്ത് വന്നതോടെയാണ് പൊലീസ് വീണ്ടും കേസ് പൊടിതട്ടിയെടുത്തത്.
അപ്പോഴേക്കും പതിറ്റാണ്ട് കഴിഞ്ഞു. തെളിവുകളൊന്നുമില്ലാതെയായി. രേഷ്മ മരിച്ചോയെന്ന് പോലും വ്യക്തമാക്കാൻ പൊലീസിനാകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.