കൈപൊള്ളിക്കും സ്കൂൾ വിപണി
text_fieldsകാഞ്ഞങ്ങാട്: സ്‌കൂളുകൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ രക്ഷിതാക്കളുടെ മനസ്സിൽ ആശങ്കയേറ്റി സ്കൂൾ വിപണിയിലെ വിലക്കയറ്റം. നെയിം സ്ലിപ് മുതൽ യൂനിഫോമിന് വരെ വില കൂടി. ഇന്ധനവിലവർധനയിൽ നട്ടംതിരിയുന്ന സാധാരണക്കാരെ സ്കൂൾ വിപണിയും പൊള്ളിക്കും.
യൂനിഫോം തുണിത്തരങ്ങൾക്ക് ഇത്തവണ മീറ്ററിന് 20 മുതൽ 40 രൂപ വരെ വർധനയുണ്ട്. സ്വകാര്യ സ്‌കൂളുകളിൽ യൂനിഫോം തയ്ച്ചു നൽകുകയാണ്. 2,000 മുതൽ 5,000 രൂപ വരെയാണ് ഇതിെൻറ ചെലവ്. ഗതാഗതച്ചെലവ്, ഇന്ധനം, രാസവസ്തുക്കൾ എന്നിവയുടെ വിലവർധന, പ്രധാന ഉൽപാദക സ്ഥലമായ മുംബൈയിലെ പവർകട്ട് എന്നിവ യൂനിഫോം തുണിയുടെ വില വർധനക്ക് കാരണമായതായി വ്യാപാരികൾ പറയുന്നു.
50 രൂപ മുതൽ മുകളിലേക്ക് പെൻസിൽ ബോക്സുകൾ ലഭ്യമാണ്. ഇത് നൂറും ഇരുനൂറും കടക്കും. വാട്ടർ ബോട്ടിൽ വാങ്ങണമെങ്കിൽ 250 രൂപയാകും. ചോറ്റുപാത്രത്തിനും കുറഞ്ഞത് 15 രൂപയുടെ വർധനയുണ്ടായതായി വ്യാപാരികൾ പറയുന്നു.
നോട്ട് ബുക്ക്, പെൻസിൽ, റബർ, ഷാർപ്നർ എന്നിവക്കെല്ലാം നേരിയ തോതിൽ വില വർധിച്ചിട്ടുണ്ട്. ഇവയെല്ലാം പല നിലവാരത്തിൽ പല വിലക്ക് ലഭിക്കുമെന്നതിനാൽ ഓരോരുത്തരും അവരവരുടെ ബജറ്റിന് ഒതുങ്ങുന്നവ മാത്രം തിരഞ്ഞെടുക്കുകയാണ്. ചെരിപ്പ്, ഷൂസ് എന്നിവക്കും വൻ തുക രക്ഷിതാക്കൾ മാറ്റിവെക്കേണ്ടി വരും. ഒന്നിലേറെ കുട്ടികൾ ഒരു വീട്ടിൽ നിന്ന് സ്‌കൂളിൽ പോകാനുണ്ടെങ്കിൽ ചെലവ് പിന്നെയും വർധിക്കും.
കുടകൾക്കും വില കുറവില്ല. 390 രൂപ മുതൽ 500 രൂപ വരെയാണ് സാധാരണ കുടകൾക്ക് വില. കാലൻകുടക്ക് 500 രൂപ മുതൽ മുകളിലേക്കും. വർണക്കുടകൾ 200 രൂപ മുതൽ ലഭിക്കും. ത്രീ ഫോൾഡ് മുതൽ ഫൈവ് ഫോൾഡർ വരെ കുടകളുണ്ട്.
ബാഗ് വാങ്ങണമെങ്കിൽ 800 മുതൽ 1000 രൂപവരെ നൽകണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. 400 രൂപ മുതൽ ബാഗുകൾ ലഭ്യമാണെങ്കിലും കുട്ടികളുടെ മനസ്സിന് ഇഷ്ടപ്പെടുന്നതിനെല്ലാം തീ വിലയാണ്. വില കൂടിയതോടെ, പഴയ ബാഗുകൾ അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗിക്കുന്നവരും ഏറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.