ഊരിലേക്കുള്ള റോഡ് തകർന്നു; പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികൾ
text_fieldsകാഞ്ഞങ്ങാട്: തായന്നൂർ മലയാറ്റുകര ഊരിലേക്കുള്ള റോഡ് പൂർണമായും തകർന്നു. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് റോഡ് നിർമിക്കാൻ ടെൻഡർ നടപടികൾ പൂർത്തിയായിട്ടും നാളിതുവരെ കരാറുകാരൻ നിർമാണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ കാൽനടയാത്ര പോലും ദുസ്സഹമായി. എണ്ണപ്പാറ മലയാറ്റുകര ഊരിലെ ആദിവാസികൾക്കാണ് ഇത്തരമൊരു ദുരവസ്ഥ.
ഊരിലേക്ക് വരുന്നതും, ആനക്കുഴി റോഡിൽ നിന്ന് എണ്ണപ്പാറ വില്ലേജ് ഓഫിസിലേക്ക് എളുപ്പത്തിൽ എത്തിപ്പെടാൻ കഴിയുന്നതുമായ റോഡിെന്റ കുത്തനെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്ത് ബാക്കിവരുന്ന ഒരു കിലോമീറ്റർ ദൂരം ടാറിംഗ് ചെയ്യണമെന്നത് നാട്ടുകാരുടെ ദീർഘകാല ആവശ്യമായിരുന്നു. കഴിഞ്ഞ ഭരണസമിതിയുടെ അവസാന കാലത്ത് ഈ റോഡ് 150 മീറ്റർ ആദ്യ ഘട്ടത്തിൽ കോൺക്രീറ്റ് ചെയ്യാൻ ടെണ്ടർ നടപടികൾ പൂർത്തിയാക്കി. എഗ്രിമെന്റ് വെക്കാത്ത ഈ പ്രവൃത്തിയും തേ റോഡിലെ വേറെ ഒരു കയറ്റവും കോൺക്രീറ്റ് ചെയ്യാൻ നിലവിലെ ഭരണ സമിതി രണ്ട് പ്രവൃത്തികളിലായി ടെൻഡർ ചെയ്ത് 2022 മേയ് മാസം കരാറുകാരന് വർക്ക് ഓർഡർ നൽകിയിരുന്നു. നാലു ലക്ഷത്തി തൊണ്ണൂറ്റി എട്ടായിരം രൂപ വീതമുള്ള രണ്ട് വർക്കുകളാണ് നടത്തേണ്ടത്.
റോഡിന്റെ നിർമാണ പ്രവൃത്തി തുടങ്ങുന്നതിനോട് അധികാരികൾ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ എണ്ണപ്പാറ ഊരുകൂട്ടത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തൊഴിലുറപ്പ് ഒാഫിസ് ആദിവാസികൾ ഉപരോധിച്ചതിനെതുടർന്ന് കഴിഞ്ഞ ആസ്റ്റിൽ അമ്പലത്തറ എസ്.ഐയുടെ നേതൃത്വത്തിൽ ചർച്ചനടത്തുകയും ഒരാഴ്ചക്കകം നിർമാണം തുടങ്ങണമെന്ന് കരാറുകാരനോട് നിർദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും കരാറുകാരൻ തീരുമാനങ്ങൾ മുഖവിലക്കെടുത്തില്ലെന്നാണ് പരാതി.
സെപ്റ്റംബർ 25 ന് ഊരിലെ യുവാക്കൾ കരാറുകാരെന്റ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താൻ തീരുമാനിച്ച വിവരമറിഞ്ഞ് സ്പെഷൽ ബ്രാഞ്ച് എസ്.ഐ. രാമകൃഷ്ണന്റെ ഇടപെടലിനെതുടർന്ന് കരാറുകാരൻ അഞ്ച് ലോഡ് കരിങ്കൽ ജില്ലിയും എംസാൻഡും ഇറക്കി. ബാക്കി പ്രവൃത്തികൾ നടത്താൻ കരാറുകാരൻ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് ഊരിലെ അംഗങ്ങൾ പറയുന്നു. കഴിഞ്ഞ ജൂൺ എട്ടിന് ഓംബുഡ്സ്മാൻ സിറ്റിംഗിൽ എണ്ണപ്പാറ മലയാളുകര റോഡ് കോൺക്രീറ്റ് എത്രയുംപെട്ടന്ന് ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു എങ്കിലും കരാറുകാരൻ മുഖവിലക്കെടുക്കുന്നില്ലെന്നാണ് ആക്ഷേപം.
റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനുവേണ്ടി തൊഴിലുറപ്പിൽ ഉൾപ്പെടുത്തി ആദിവാസികൾ തന്നെ ഈ റോഡ് ലെവൽ ചെയ്തിരുന്നു. കഴിഞ്ഞ മഴയിൽ റോഡ് മുഴുവനായി തകർന്നു. അർബുദ രോഗികളുൾപ്പടെ അഞ്ച് കിടപ്പുരോഗികളുള്ള ഊരിൽ റോഡില്ലാത്തതിനാൽ വലിയ പ്രയാസം നേരിടുകയാണ്. എത്രയും പെട്ടെന്ന് റോഡ് കോൺക്രീറ്റ് ചെയ്യാത്ത പക്ഷം കടുത്ത സമര പരിപാടികൾക്കിറങ്ങുമെന്ന് എണ്ണപ്പാറ ഊരിലെ ആദിവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.